മതനിരപേക്ഷതയിലും നവോത്ഥാന മൂല്യങ്ങളിലും ഉറച്ചുനില്‍ക്കുന്ന പാരമ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടു ; മുഖ്യമന്ത്രി

മതനിരപേക്ഷതയിലും നവോത്ഥാന മൂല്യങ്ങളിലും ഉറച്ചുനില്‍ക്കുന്ന പാരമ്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎഎ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചുവെന്നും മതസൗഹാര്‍ദ്ദത്തിന്റെ നാടായി കേരളത്തെ നിലനിര്‍ത്തുമെന്ന വാഗ്ദാനം നടപ്പാക്കാനായെന്നത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നേട്ടമാണെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രകടന പത്രികയിലെ 600 ല്‍ 580 ഉം നേടിയത് പ്രതിസന്ധി മറികടന്നാണ്. ഈ നേട്ടങ്ങളെ തമസ്‌കരിക്കാന്‍ പലതും നടന്നു. ജനത്തിന് താത്പര്യം അര്‍ത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്റെ വികസനത്തിലാണ്.

അനാവശ്യ സംഘര്‍ഷമല്ല, സമാധാനപരമായ ജീവിതമാണ് ജനം ആഗ്രഹിക്കുന്നത്. അതിന് ആര് സന്നദ്ധമാകുന്നുവോ അവര്‍ക്കൊപ്പമായിരിക്കും ജനം എന്ന് കൂടി തെരഞ്ഞെടുപ്പ് ഫലം ഓര്‍മ്മിപ്പിക്കുന്നു. അതിനെ മറികടക്കാന്‍ ജാതി-മത വികാരം വലിയ തോതില്‍ കുത്തിപ്പൊക്കിയാല്‍ അതിനോടൊപ്പം നില്‍ക്കാന്‍ ജനം തയ്യാറാകില്ല.

മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് വിളിക്കാന്‍ കാരണമായത് അവര്‍ കാണിച്ച ത്യാഗപൂര്‍ണമായ രക്ഷാദൗത്യമാണ്. ജനം ജാഗ്രതയോടെ പ്രതികരിച്ചിരുന്നില്ലെങ്കില്‍ നിപ്പയെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലായിരുന്നു. കേരളത്തിന്റെ പുരോഗതിക്ക് അടിത്തറ പാകിയ വന്‍കിട പദ്ധതികള്‍ സാക്ഷാത്കരിക്കുന്നതിനും ജനം പൂര്‍ണ പിന്തുണ നല്‍കി.

കൊവിഡ് കാലത്ത് കേരളം വേറിട്ടുനില്‍ക്കുന്നത് പ്രതിരോധം ജന പങ്കാളിത്തമുള്ള പ്രക്രിയയായി മാറ്റിയെടുത്തത് കൊണ്ടാണ്. ജനത്തിന്റെ പിന്തുണയാണ് സര്‍ക്കാരിന്റെ കരുത്ത്. ജനത്തിനൊപ്പമാണ് ജനങ്ങള്‍ക്ക് വേണ്ടിയാണ് ഈ സര്‍ക്കാര്‍പ്രവര്‍ത്തിക്കുക. ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. അതിനുപകരിക്കുന്ന കര്‍മ്മ പദ്ധതിയാണ് എല്‍ഡിഎഫ് വിഭാവനം ചെയ്തത്. 50 ഇന പ്രധാന പരിപാടികളും 900 അനുബന്ധ വാഗ്ദാനങ്ങളുമാണ് മുന്നോട്ട് വെച്ചത്. അവര്‍ പൂര്‍ണമായി നടപ്പാക്കി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News