25 വര്‍ഷം കൊണ്ട് കേരളത്തെ വികസിതരാഷ്ട്രങ്ങള്‍ക്കൊപ്പമെത്തിക്കും ; മുഖ്യമന്ത്രി

25 വര്‍ഷം കൊണ്ട് കേരളത്തെ വികസിതരാഷ്ട്രങ്ങള്‍ക്കൊപ്പമെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ തന്നെ വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കുക എന്നതാണ് ലക്ഷ്യം.

നാടിന്റെ വികസനം അതിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത് എറ്റവും അടിത്തട്ടില്‍ കഴിയുന്ന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിലൂടെയാണ്. തൊഴിലവസരങ്ങള്‍ കൂടുതല്‍ ഉറപ്പുവരുത്തുക എന്നതിന് ഊന്നല്‍ നല്‍കും. ഒരാളെയും ഒഴിച്ചുനിര്‍ത്താത്ത വികസന കാഴ്ചപ്പാടാണ് ഉയര്‍ത്തിപ്പിടിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2025ഓടെ പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിടുന്നു. മാംസം, മുട്ട എന്നിവയുടെ ഉല്‍പാദനത്തില്‍ വരുന്ന അഞ്ചുവര്‍ഷം കൊണ്ട് എത്ര വളര്‍ച്ച കൈവരിക്കണമെന്ന ലക്ഷ്യത്തോടെ മിഷന്‍ മോഡില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഉള്‍നാടന്‍ മത്സ്യക്കൃഷി ഉല്‍പാദനത്തിലും വിസ്തീര്‍ണത്തിലും കൃത്യമായ ലക്ഷ്യംവച്ച് ഇടപെടും.

അടുത്ത അഞ്ചു വര്‍ഷം കൊണ്ട് സാങ്കേതിക വിദ്യയിലേതുള്‍പ്പെടെ കൊണ്ടുവരുന്ന മാറ്റങ്ങളിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കും.

വ്യവസായ വികസനം ആസൂത്രണം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് സജീവമാക്കും. നീര്‍ത്തടാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും സമ്പൂര്‍ണ്ണ ശുചിത്വം കൈവരിക്കുന്നതിനും ഹരിത കേരള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും എല്ലാ തലത്തിലും യോജിച്ചു പ്രവര്‍ത്തിക്കാനുള്ള സാധ്യത ഒരുക്കും.

വ്യവസായ ഇടനാഴി, തുറമുഖം, ഷിപ്പിങ്ങ്, ലോജിസ്റ്റിക്‌സ്, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയുടെ വികസനത്തിലൂടെ അവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ വളര്‍ച്ച ഉറപ്പുവരുത്തും.പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, കൈത്തറി മുതലായവയുടെ നവീകരണത്തിന് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. പരമ്പരാഗത വ്യവസായങ്ങള്‍ നവീകരിച്ച് ഓരോ തൊഴിലാളിക്കും കൂടുതല്‍ മൂല്യവര്‍ധനവ് സാധ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

ഐടി വകുപ്പ്, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, കേരളത്തിലെ ഐടി വ്യവസായം എന്നിവ സംയുക്തമായി പ്രത്യേക വെബ് പോര്‍ട്ടലിലൂടെ കേരളത്തില്‍ നിക്ഷേപിക്കാനോ പഠിപ്പിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന എല്ലാ സംരംഭകരെയും ഐടി വിദഗ്ധരുമായും പ്രൊഫഷണലുകളുമായും ബന്ധിപ്പിക്കും.

ഐടി വിദ്യാര്‍ഥികളെ പഠിപ്പിക്കാനും അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും നിലവില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന മാര്‍ഗരേഖ ആറുമാസത്തിനകം തയ്യാറാക്കും.

വ്യവസായ മേഖലയുമായി സജീവമായി സഹകരിക്കാന്‍ ഐടി അധ്യാപകരേയും വകുപ്പുകളേയും സംയുക്ത ഗവേഷണങ്ങളിലൂടെയും മറ്റും പ്രോത്സാഹിപ്പിക്കും.

എല്ലാ ശാസ്ത്ര സാങ്കേതിക കോഴ്‌സുകളിലും നൂതനത്വത്തെക്കുറിച്ചും സ്റ്റാര്‍ട് അപ്പുകളെക്കുറിച്ചും നിര്‍ബന്ധ കോഴ്‌സ് കേരള സ്റ്റാര്‍ട് അപ്പ് മിഷനും അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി ആരംഭിക്കും.

സംയുക്ത സംരംഭങ്ങളിലൂടെയും സ്വതന്ത്ര നിക്ഷേപങ്ങളിലൂടെയും ഹാര്‍ഡ് വെയര്‍ സെക്ടറിലെ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള ഇടപെടല്‍ നടത്തും. ഹാര്‍ഡ് വെയര്‍ ടെസ്റ്റ് ഫെസിലിറ്റി സജ്ജമാക്കാന്‍ മുന്‍ഗണന നല്‍കും.

മൂന്നു മുതല്‍ അഞ്ചു വര്‍ഷം കൊണ്ട് ഐടി കയറ്റുമതിയുടെ മൂല്യം ഇരട്ടിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഐടിയിലെ പ്രത്യേക ഉപമേഖലകളെ കണ്ടെത്തി അവിടെ നൈപുണ്യ വികസനവും നിക്ഷേപ പ്രോത്സാഹനവും നടത്തും.

വികേന്ദ്രീകൃതമായ തൊഴിലിനും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനും (വര്‍ക്ക് ഫ്രം ഹോം) ഉള്ള അനേകം അവസരങ്ങള്‍ ഐടി നല്‍കുന്നുണ്ട്. ഐടി മേഖലയിലേക്ക് ഉയര്‍ന്ന തോതില്‍ സ്ത്രീകള്‍ക്ക് കടന്നുവരാന്‍ സാധ്യത ഇത് തുറന്നുവെക്കുന്നുണ്ട്. സ്ത്രീകളുടെ നൈപുണ്യ വികസനത്തിനും അവര്‍ക്ക് അനുയോജ്യമായ തൊഴിലുകളുമായി അവരെ ബന്ധിപ്പിക്കുന്നതിനും ഉള്ള പ്രത്യേക പരിപാടികള്‍ നടപ്പാക്കും.

കൊച്ചി, പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിയുടെയും സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളുടെയും പൂര്‍ത്തീകരണം സാധ്യമാക്കും.

വ്യവസായ ഇടനാഴിക്കനുബന്ധമായി ഹൈ ടെക്‌നോളജി മാനുഫാക്ചറിങ് അഗ്രോ പ്രൊസസിങ്, ഐടി, ബയോ ടെക്‌നോളജി, ലൈഫ് സയന്‍സസ് എന്നീ മേഖലകളില്‍ ഉയര്‍ന്ന നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കും.

പെട്രോ കെമിക്കല്‍സ്, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, പോളിമേഴ്‌സ്, ഫൈബര്‍ എന്നിവയുടെ നിര്‍മാണത്തിലേര്‍പ്പെടുന്ന സംരംഭകര്‍ക്ക് മികച്ച സാധ്യതകള്‍ കൊച്ചിയിലെ പെട്രോ കെമിക്കല്‍ പാര്‍ക്കില്‍ സാധ്യമാക്കും. എഞ്ചിനീറിങ്, പെട്രോ കെമിക്കല്‍സ്, പോളിമര്‍ ടെക്‌നോളജി, റബ്ബര്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യാവസായിക ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് പരിഗണിക്കും.

സ്റ്റാര്‍ട്ട്അപ്പുകള്‍ ആരംഭിക്കുന്നതിനും ഹൈ ടെക്‌നോളജി സംരംഭത്തിലേര്‍പ്പെടുന്നതിനും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുംപ്രോത്സാഹനം നല്‍കും. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ സാങ്കേതികവിദ്യാ സ്ഥാപനങ്ങളുമായി കേരളത്തിലെ അക്കാദമിക ഗവേഷണ സ്ഥാപനങ്ങള്‍ സഹകരിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ ഉദാവരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കപ്പെടുന്ന പ്രധാന മേഖലയാണ് ഉന്നത വിദ്യാഭ്യാസം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വര്‍ഗീയ – അമിതാധികാര ശക്തികളും ലക്ഷ്യം വെച്ചിട്ടുണ്ട്. ഇത്തരത്തില്‍ ദേശീയതലത്തില്‍ നടപ്പാക്കുന്ന നയങ്ങള്‍ക്ക് ബദല്‍ സമീപനം മുന്നോട്ടുവെയ്ക്കും. പുതിയ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന ഒരു പ്രധാന മേഖല ഉന്നതവിദ്യാഭ്യാസം ആയിരിക്കും. മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News