ബാർജ് ദുരന്തത്തിന് കാരണം മുന്നറിയിപ്പ് അവഗണിച്ചത്

മുംബൈയിൽനിന്ന് 35 നോട്ടിക്കൽ മൈൽ അകലെയായി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ മുങ്ങിയ പി-305 ബാർജിൽ എണ്ണഖനനവുമായി ബന്ധപ്പെട്ട തൊഴിലാളികളായിരുന്നു അപകടത്തിൽപ്പെട്ടത്. മലയാളികളടക്കം 49 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. രക്ഷപ്പെട്ട നൂറുകണക്കിനാളുകൾ ആശുപത്രികളിൽ ചികിത്സയിലാണ്.

ടൗട്ടേ ചുഴലിക്കാറ്റിനെപ്പറ്റി വ്യക്തമായ മുന്നറിയിപ്പു കിട്ടിയിട്ടും മുൻകരുതലുകളെടുക്കാതിരുന്നതാണ് ബാർജ് മുങ്ങി ഒട്ടേറെപ്പേർക്ക് ജീവഹാനി സംഭവിക്കാൻ കാരണമെന്നാണ് രക്ഷപ്പെട്ടവർ പറയുന്നത്.

അപകടത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒ.എൻ.ജി.സി. ഉൾപ്പെടെയുള്ള അധികൃതർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് എൻ.സി.പി. നേതാവും മന്ത്രിയുമായ നവാബ് മാലിക് പറഞ്ഞു. ഒഎൻ‌ജി‌സിയുടെ തെറ്റായ തീരുമാനം നിരപരാധികളായ നിരവധി തൊഴിലാളികളുടെ ജീവനാണ് അപകടത്തിലാക്കിയതെന്നും മന്ത്രി കുറ്റപ്പെടുത്തി.

രാജ്യത്തെ നടുക്കിയ ദുരന്തത്തിന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും ഉത്തരവാദികളായിരിക്കുമെന്ന് മന്ത്രി നവാബ് മാലിക് പറഞ്ഞു. ചുഴലിക്കാറ്റ് ആരംഭിക്കുന്നതിനുമുമ്പ് തങ്ങളുടെ എല്ലാ തൊഴിലാളികളെയും ബാർജുകളിൽ നിന്ന് ഒഴിപ്പിച്ച് കരയിലെത്തിക്കേണ്ടതായിരുന്നുവെന്നും വലിയ വീഴ്ചയാണ് വരുത്തിയതെന്നും മന്ത്രി മാലിക് കൂട്ടിച്ചേർത്തു.

ടൗട്ടേ ചുഴലിക്കാറ്റ് വരുന്നുണ്ടെന്ന് ഒരാഴ്ചമുമ്പുതന്നെ മുന്നറിയിപ്പു ലഭിച്ചിട്ടും ബാർജിന്റെ ക്യാപ്റ്റൻ ഉചിതമായ നടപടിയെടുത്തില്ലെന്ന പരാതിയാണ് ജീവൻ തിരിച്ചു കിട്ടിയവരെല്ലാം പറയുന്നത് . ക്യാപ്‌റ്റൻ ബൽവിന്ദർ സിങ്ങിനെ ഇനിയും കണ്ടെത്തിയിട്ടില്ല.

ഒ.എൻ.ജി.സി.ക്കുവേണ്ടി എണ്ണഖനനം നടത്തുന്ന തൊഴിലാളികളുടെ പാർപ്പിട കേന്ദ്രമായാണ് പി-305 ബാർജ് ഉപയോഗിച്ചിരുന്നത്. കടലിൽ നങ്കൂരമിട്ടു കിടക്കുന്ന കൂറ്റൻ ചങ്ങാടമായ ബാർജിന് എൻജിനില്ല. ബോട്ടിൽ കെട്ടിവലിച്ചാണ് അത് തീരത്തെത്തിക്കുന്നത്.

ടൗട്ടേ ചുഴലിക്കാറ്റിന്റെ ശക്തി കുറവായിരിക്കുമെന്ന തെറ്റായ നിഗമനമായിരുന്നു അപകടം ക്ഷണിച്ചു വരുത്തിയതെന്നും എന്നാൽ 144 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ തുടങ്ങിയപ്പോൾ ബോട്ട് എത്തിക്കാൻ അടിയന്തരസന്ദേശം നൽകിയെങ്കിലും ഫലം കാണാതെ പോയി. നാവികസേനയുടെ കപ്പൽ എത്തുമ്പോഴേയ്ക്ക് നങ്കൂരം പൊട്ടി ബാർജ് പുറംകടലിലേക്ക് ഒഴുകി വൈകാതെ മുങ്ങുകയുംചെയ്തു.

മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാൻ സംസ്ഥാന സർക്കാരും പ്രാദേശിക ഭരണകൂടങ്ങളും നടപടിയെടുത്തിരുന്നു. എന്നാൽ, കടലിൽക്കിടക്കുന്ന ബാർജിലുള്ളവരുടെ കാര്യത്തിൽ ഇത്തരമൊരു മുൻകരുതലുണ്ടായില്ല. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നിട്ടും ബാർജ് മുങ്ങുന്നതിനു മുമ്പ് രക്ഷാപ്രവർത്തനം നടത്തിയതുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here