നടനവിസ്മയം മോഹന്‍ലാൽ 61ന്റെ നിറവില്‍; 12 മണിക്ക് തന്നെ ആശംസകള്‍ അറിയിച്ച് മമ്മൂട്ടി; ആഘോഷമാക്കി ആരാധകര്‍

നടൻ മോഹൻലാലിന് ഇന്ന് ജന്മദിനം. 61-ാം ജന്മദിനമാണ് താരം ആഘോഷിക്കുന്നത്. യുവതാരങ്ങളുൾപ്പെടെ ആയിരങ്ങളാണ് സമൂഹമാധ്യമങ്ങളിൽ താരത്തിന് ആശംസകളുമായി എത്തിയത്. മോഹൻലാലിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. രാത്രി പന്ത്രണ്ട് മണിക്ക് തന്നെ ജന്മദിനാശംസകളുമായി നടൻ മമ്മൂട്ടിയെത്തി.

നിരവധി പേരാണ് മോഹൻലാലിന് ആശംസകളുമായി എത്തിയിരിക്കുന്നത്. പ്രിയദർശൻ, ആസിഫ് അലി, സംയുക്ത, നിവിൻ പോളി, പൃഥ്വിരാജ്, ടൊവിനോ തുടങ്ങി സിനിമാ മേഖലയിലെ നിരവധി സഹപ്രവർത്തകരും താരത്തിന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചു.

പിറന്നാളാശംസകൾ സ്റ്റീഫൻ! പിറന്നാളാശംസകൾ അബ്റാം. പിറന്നാളാശംസകൾ ലാലേട്ടാ എന്നായിരുന്നു പൃഥ്വി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

നിരവധി ആരാധകർ മോഹൻലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ആശംസാ വീഡിയോകളും പുറത്തിറക്കിയിട്ടുണ്ട്.

1960 മെയ് 21 ന് പത്തനംതിട്ടയിലാണ് മോഹൻലാൽ ജനിച്ചത്. സുഹൃത്ത് അശോക് കുമാർ സംവിധാനം ചെയ്ത തിരനോട്ടം ആയിരുന്നു ആദ്യ ചിത്രം. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ ചിത്രത്തിലൂടെ മുഖ്യധാര സിനിമയിൽ എത്തിയ ലാലിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 40 വർഷത്തിലധികം മുന്നൂറ്റി അമ്പതോളം സിനിമകളിൽ മോഹൻലാൽ അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്.

അഞ്ച് ദേശീയ പുരസ്‌ക്കാരങ്ങളടക്കം നിരവധി പുരസ്‌ക്കാരങ്ങൾ മോഹൻലാലിന് ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്‌കാരവും 2019 ൽ രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ബഹുമതിയും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

തന്റെ സിനിമാ ജീവിതത്തിൽ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകനായിരിക്കുകയാണ് മോഹൻലാൽ. ലാൽ തന്നെയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബറോസ് ആവുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ് റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ.

തിരനോട്ടത്തിലെ കുട്ടപ്പനിൽ നിന്ന്, മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനിൽ നിന്ന്, മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹൻലാൽ. ആദ്യ ഓഡിഷനിൽ നിർമാതാവ് സംശയം പ്രകടിപ്പിച്ച പുതുമുഖം, പിൽക്കാലത്ത് ഇന്ത്യൻ സിനിമയുടെ മുഖമായത് ചരിത്രം. ടിപി ബാലഗോപാലനും ദാസനും ജോജിയും സേതുമാധവനും സുധിയും മണ്ണാറത്തൊടി ജയകൃഷ്ണനും കുഞ്ഞികുട്ടനും പുലിമുരുകനുമെല്ലാം മായാതെ, തിളക്കത്തോടെ ഇന്നും പ്രേക്ഷകരുടെ കൺമുന്നിൽ നിറഞ്ഞുനിൽക്കുന്നു.

അടച്ചു പൂട്ടലിനിടെ ആയിരുന്നു അറുപതാം പിറന്നാൾ. ലോക്ഡൗണ്‍ തുടരുന്നതിനിടെ മറ്റൊരു ജന്മദിനം കൂടി. വീട്ടിലിരിക്കുമ്പോഴും പ്രേക്ഷകരുടെ വിരൽതുമ്പിൽ വിരുന്നായിരുന്നു ദൃശ്യം 2.ജോർജ് കുട്ടിക്ക് പിന്നാലെ കുഞ്ഞാലിമരക്കാരും നെയ്യാറ്റിൻകര ഗോപനും എല്ലാം വെല്ലുവിളികളുടെ കാലത്ത് പുതിയ പ്രതീക്ഷകളായി മാറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News