ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് തിരുവനന്തപുരത്ത് യുവതി മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മല്ലപ്പള്ളി സ്വദേശിനി അനീഷയാണ് മരിച്ചത്. 32 വയസായിരുന്നു.കഴിഞ്ഞ ദിവസമാണ് അനീഷ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുകയായിരുന്നു. നേരത്തെ കൊല്ലത്ത് 62കാരന്റെ ഒരു കണ്ണ് ബ്ലാക്ക് ഫംഗസ് മൂലം ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു.
ബ്ലാക് ഫംഗസ് രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചു.ബ്ലാക് ഫംഗസിനെ പകർച്ചവ്യാധി രോഗ നിയമ പ്രകാരം അപൂർവവും മാരകവുമായ അണുബാധയുടെ പട്ടികയിൽ ഉൾപ്പെടുത്താനാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്.
മ്യൂക്കർ എന്ന വിഭാഗം ഫംഗസുകൾ മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയാണ് മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം. മുഖം, മൂക്ക്, കണ്ണ്, തലച്ചോർ എന്നിവയെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച നഷ്ടപ്പെടൽ, മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥയ്ക്ക് കാരണമായേക്കാം.
പലപ്പോഴും തലച്ചോറിലേക്ക് ഫംഗസ് ബാധ പടർന്നാൽ രക്തം കട്ടയാവുകയും മരണം സംഭവിക്കുകയും ചെയ്യും, അല്ലെങ്കിൽ രോഗ പ്രതിരോധ ശേഷി കുറഞ്ഞ് മരണം സംഭവിക്കാനും സാധ്യതയുണ്ട്. അപൂർവ രോഗങ്ങളുടെ കൂട്ടത്തിൽ പെടുന്ന ബ്ലാക്ക് ഫംഗസ് രോഗം രോഗപ്രതിരോധ ശേഷി കുറവുള്ള വ്യക്തികൾ, പ്രമേഹ രോഗികൾ, എച്ച്.ഐ.വി രോഗികൾ, അവയവമാറ്റം കഴിഞ്ഞിരിക്കുന്ന രോഗികൾ അല്ലെങ്കിൽ അടുത്തിടെ മറ്റൊരു ഗുരുതരമായ രോഗം ഭേദമായ വ്യക്തികൾ തുടങ്ങിയവരെയാണ് ബാധിക്കുക.
കൊവിഡ് രോഗം വന്ന് ഭേദമായവർക്കിടയിൽ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കൊവിഡ് മൂലമുണ്ടാകുന്ന രോഗമാണ് ബ്ലാക് ഫംഗസ് എന്ന തെറ്റിദ്ധാരണ വന്നിരുന്നു. എന്നാൽ യഥാർത്ഥത്തിൽ കൊവിഡ് മൂലം ഉണ്ടായിട്ടുള്ള ഒരു രോഗമല്ല ബ്ലാക്ക് ഫംഗസ്. വളരെ മുമ്പ് തന്നെ ബ്ലാക്ക് ഫംഗസ് രോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്.
Get real time update about this post categories directly on your device, subscribe now.