മന്ത്രി വി ശിവൻ കുട്ടിയെ ട്രോളുന്നവർ ഇതറിയണം

ഒട്ടനവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതിൻറ അനുഭവ സമ്പത്തുമായാണ് മന്ത്രി പദവിയിലേക്ക് സഗൗരവം പ്രതിജ്ഞ ചെയ്ത് വി ശിവൻ കുട്ടി അധികാരമേറ്റത്.പഞ്ചായത്ത് പ്രസിഡൻറ് മുതൽ മേയറും എം എൽ എയുമൊക്കയായി ജനങ്ങൾക്ക് വേണ്ടി മാറ്റി വയ്ക്കുയായിരുന്നു അദ്ദേഹത്തിൻറെ രാഷ്ട്രീയജീവിതം.വിദ്യാഭ്യാസ രംഗത്തെ കോർപ്പറേറ്റ് അനുകൂല വലതുപക്ഷ നയങ്ങൾക്കെതിരായി നടത്തിയ സമരങ്ങളുടെ അനുഭവം വി ശിവൻകുട്ടിക്ക് വിദ്യാഭ്യാസ മന്ത്രി പദത്തിൽ മുതൽകൂട്ടാകും.

സോഷ്യൽ മീഡിയയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയെ ട്രോളുന്നവർ ഒന്നോർക്കണം ആരായിരുന്നു ശിവൻ കുട്ടി എന്നത്.ഉള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്,തിരുവനന്തപുരം മേയർ,പതിനെട്ട് വർഷക്കാലം കേരള സർവകലാശാല സെനറ്റ് അംഗം.അഖിലേന്ത്യാ മേയേഴ്സ് കൗൺസിൽ ജോയിൻറ് സെക്രട്ടറി,കിലെ ചെയർമാൻ ഇങ്ങനെ പോകുന്നു അനുഭവസമ്പത്ത്.

തൊഴിൽ മേഖലകളിലെന്നപോലെ വിദ്യാഭ്യാസ രംഗത്തടക്കം നടന്നുവരുന്ന കോർപ്പറേറ്റ് അനുകൂല വലതുപക്ഷ നയങ്ങൾക്കെതിരായ കരുത്തൻ സമരങ്ങളുടെ നേതൃത്വ നിരയായിരുന്നു തിരുവനന്തപുരത്തിൻറെ സ്വന്തം ശിവൻകുട്ടി അണ്ണൻ.സ്വകാര്യ പ്രൈമറി സ്‌കൂളുകൾ പ്രവേശനത്തിന് വൻ കോഴ വാങ്ങുന്നതിനെതിരായും റാംഗിഗിനെതിരെയും നടത്തിയ സമരം.

പ്രീഡിഗ്രി ബോർഡ് സമരം മുതൽ പ്രീഡിഗ്രി – ഡിഗ്രി ഫലങ്ങളിലെ വൻ അപാകതയിൽ പ്രതിഷേധിച്ച് സർവ്വകലാശാലയ്ക്കു മുന്നിൽ ദിവസങ്ങൾ നീണ്ടു നിന്ന സമരം തുടങ്ങി,വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ വിവിധപോരാട്ടങ്ങളിൽ ചിലത് മാത്രം.ഇങ്ങനെ പാവപ്പെട്ട വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണപ്പോരാട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അതിൽ ഒരേട് ആ പ‍ഴയ വിദ്യാർത്ഥി നേതാവിൻറെ അനുഭവങ്ങളായിരിക്കും.പിന്നീട് ജനപ്രതിനിധിയായി ചുമതലയേറ്റ ശിവൻകുട്ടി വിദ്യാഭ്യാസത്തിനെന്നോണം പ്രാധാന്യം മറ്റ് മേഖലകൾക്കും നൽകി.

അദ്ദേഹം പ്രസിഡൻറായിരിക്കുമ്പോഴാണ് ഉള്ളൂർ പഞ്ചായത്ത് ജില്ലയിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത്.ഇക്കാലയവിലാണ് ആക്കുളം ടൂറിസ്റ്റ് കേന്ദ്രം ആരംഭിക്കുകയും ഇരുപതോളം പട്ടികജാതി വിഭാഗത്തിലെ യുവതികൾക്ക് തൊഴിൽ നൽകി വനിതകൾ ഡ്രൈവ് ചെയ്യുന്ന ബോട്ട് സർവ്വീസ് ആരംഭിച്ചത്. തിരുവനന്തപുരം മേയർ ആയിരുന്ന കാലയളവിൽ നഗരശുചീകരണ ബോധവൽക്കരണത്തിലൂന്നിയ ”ക്ലീൻ സിറ്റി – ഗ്രീൻ സിറ്റി”,ഹരിത നഗരം പരിസ്ഥിതി സൗഹൃദ ശുചീകരണ പദ്ധതി  യാഥാർത്ഥ്യമാക്കി.

കെട്ടിട നിർമ്മാണത്തിനായുള്ള വൺ ഡേ പെർമിറ്റ് നടപ്പിലാക്കിയും, സ്വകാര്യ വ്യക്തി കയ്യേറി കൈവശം വച്ചിരുന്ന ശംഖുംമുഖം തെക്കേ കൊട്ടാരം നഗരസഭയ്ക്കുവേണ്ടി ഒഴിപ്പിച്ചും അനധികൃത നിർമ്മാണങ്ങള്‍ക്കും, കയ്യേറ്റങ്ങൾക്കുമെതിരെ മേയർ എന്ന നിലയിൽ ഒത്തുതീർപ്പുകളില്ലാത്ത നിലപാടുകൾ സ്വീകരിച്ചു.

രാജ്യത്ത് ഒരു നഗരസഭാ മേഖലയിൽ ആദ്യമായി സ്‌കൂൾ കുട്ടികൾക്ക് സൗജന്യ പാൽ വിതരണം നടപ്പാക്കിയ വി ശിവൻകുട്ടി മേയറുടെ പദ്ധതി പിന്നീട് സംസ്ഥാന സർക്കാർ തന്നെ ഏറ്റെടുത്തു.കൂറുമാറ്റ – കാലുമാറ്റ നിയമം ആദ്യമായി തിരുവനന്തപുരം നഗരസഭയിൽ നടപ്പിലാക്കിയതും അദ്ദേഹമാണ്.

തലസ്ഥാന നഗരത്തിലെ കോട്ടൺഹിൽ, എസ്. എം.വി, മണക്കാട്, പട്ടം തുടങ്ങിയ സർക്കാർ സ്‌കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു നൽകി, തിരുവനന്തപുരം നഗരസഭാ കാര്യാലയത്തോടനുബന്ധിച്ച് കമ്പ്യൂട്ടർ ട്രെയിനിംഗ് സെൻറര്‍ സ്ഥാപിച്ച്,സംസ്ഥാനത്തെ തന്നെ നഗരസഭകളിൽ ഏറ്റവും ബൃഹത്തായ കമ്പ്യൂട്ടർ പരിശീലന സ്ഥാപനമായി മാറ്റി.

ആറന്നൂർ -പട്ടികജാതി കോളനികളുടെ പുനരുദ്ധാരണം,കരിമഠം കോളനി നിർമ്മാണം എന്നിവയും അനന്തപുരിക്ക് നൽകി.മൊബൈൽ ഡയബറ്റിക് യൂണിറ്റ്, പേട്ടയിൽ പാവപ്പെട്ടവർക്കായുള്ള മെഡിക്കൽ ലബോറട്ടറി എന്നിവ ആരംഭിച്ചു, പിന്നീട് എം.എൽ.എ എന്ന നിലയിൽ ഐരാണിമുട്ടം ഗവ. ആശുപത്രി നൂറ്  കിടക്കകൾ ഉള്ള ആതുരാലയമായി വികസിപ്പിച്ചു.

കല്ലടി മുഖത്ത് ഫ്‌ളാറ്റ് നിർമ്മിക്കുന്നതിനായി 12 ഏക്കർ സ്ഥലം ഏറ്റെടുത്തു നൽകി, കിലെ ചെയർമാനായിരുന്ന കാലയളവിൽ സംസ്ഥാനത്തെ തൊഴിലാളികളുടെ കുട്ടികൾക്കായി തിരുവനന്തപുരത്ത് ഐ എ എസ് അക്കാഡമി ആരംഭിച്ചു. ഇവയെല്ലാം വിദ്യാഭ്യാസ – തൊഴിൽ മേഖലകളിലൂന്നി സർവ്വസാധാരണക്കാരായ മനുഷ്യരുടെ ജീവിതനിലവാരമുയർത്താൻ വി ശിവൻകുട്ടി നടത്തിയ എണ്ണിയാലൊടുങ്ങാത്ത വികസന പദ്ധതികളിൽ ചിലതുമാത്രമാണ്.ഇതെല്ലാം
വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയെ അപഹസിക്കുന്നവർ അടക്കം ആസ്വദിക്കുന്നവയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News