മുഖം, മൂക്ക്, കണ്ണ്, തലച്ചോര്‍ എന്നിവയെയാണ് ബ്ലാക്ക് ഫംഗസ് പ്രധാനമായും ബാധിക്കുക

മ്യൂകർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ശ്വാസകോശത്തെ അല്ലെങ്കിൽ സൈനസുകളെയാണ് ബാധിക്കുക. നേരത്തെ കടുത്ത പ്രമേഹ രോഗികളെ മാത്രം ബാധിച്ചിരുന്ന രോഗം ഇപ്പോൾ രാജ്യത്തെ പല ആശുപത്രികളിലും കോവിഡ് രോഗികളിലും സ്ഥിരീകരിക്കുന്നുണ്ട്.

മ്യൂക്കര്‍ എന്ന വിഭാഗം ഫംഗസുകള്‍ മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയാണ് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം. മുഖം, മൂക്ക്, കണ്ണ്, തലച്ചോര്‍ എന്നിവയെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച നഷ്ടപ്പെടല്‍, മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥ എന്നിവയ്ക്ക് കാരണമായേക്കാം. പലപ്പോഴും തലച്ചോറിലേക്ക് ഫംഗസ് ബാധ പടര്‍ന്നാല്‍ രക്തം കട്ടയാവുകയും മരണം സംഭവിക്കുകയും ചെയ്യും, അല്ലെങ്കില്‍ രോഗ പ്രതിരോധ ശേഷി കുറഞ്ഞ് മരണം സംഭവിക്കാനും സാധ്യതയുണ്ട്.

അപൂര്‍വ രോഗങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ബ്ലാക്ക് ഫംഗസ് രോഗം രോഗപ്രതിരോധ ശേഷി കുറവുള്ള വ്യക്തികള്‍, പ്രമേഹ രോഗികള്‍, എച്ച്.ഐ.വി രോഗികള്‍, അവയവമാറ്റം കഴിഞ്ഞിരിക്കുന്ന രോഗികള്‍ അല്ലെങ്കില്‍ അടുത്തിടെ മറ്റൊരു ഗുരുതരമായ രോഗം ഭേദമായ വ്യക്തികള്‍ തുടങ്ങിയവരെയാണ് ബാധിക്കുക.

കൊവിഡ് രോഗം വന്ന് ഭേദമായവര്‍ക്കിടയില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കൊവിഡ് മൂലമുണ്ടാകുന്ന രോഗമാണ് ബ്ലാക് ഫംഗസ് എന്ന തെറ്റിദ്ധാരണ വന്നിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൊവിഡ് മൂലം ഉണ്ടായിട്ടുള്ള ഒരു രോഗമല്ല ബ്ലാക്ക് ഫംഗസ്. വളരെ മുമ്പ് തന്നെ ബ്ലാക്ക് ഫംഗസ് രോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്. പ്രമേഹമുള്ള കോവിഡ് രോഗികൾക്ക് ഈ ഫംഗസ് ബാധയേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന സ്റ്റിറോയ്‌ഡിന്റെ അമിത ഉപയോഗവും ഫംഗസ് ബാധയ്ക്ക് കാരണമാകുന്നുണ്ട്.

പുതുതായി പ്രമേഹ രോഗികളാകുന്നവരിലും ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുന്നുണ്ടെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ  പറഞ്ഞു. ഇത്തരം രോഗികളിൽ കൊറോണ വൈറസ് പാൻക്രിയാസിൽ പ്രവേശിക്കുകയും രക്ത സമ്മർദ്ദം കൂട്ടുകയും ചെയ്യുന്നുണ്ട്.

കോവിഡ് ബാധിതരിൽ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് ഇതുവരെ രാജ്യത്തേ ഏഴാംയിരത്തോളം പേർക്കാണ് സ്ഥിരീകരിച്ചത്. 219 മരണങ്ങളും റിപ്പോർട്ട്‌ ചെയ്തു.കഴിഞ്ഞവർഷവും ഏതാനും കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും കോവിഡ് രണ്ടാം തരംഗത്തിൽ ബ്ലാക്ക് ഫംഗസ് കേസുകൾ കൂടുതൽ സംസ്ഥാനങ്ങളിൽ കാണുന്നുണ്ട്. മഹാരാഷ്ട്രയിൽ രണ്ടായിരത്തിൽപരം കേസുകളുണ്ട്.ദില്ലിയിൽ 35 വീതം കേസുകൾ എയിംസിലും ഗംഗാറാം ആശുപത്രിയിലും മാത്രമായുണ്ട്.ബ്ലാക്ക് ഫംഗസ് ചികിത്സക്ക് തയ്യാറെടുക്കാൻ ദില്ലിയിലെ 3 പ്രമുഖ ആശുപത്രികൾക്ക് ദില്ലിസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്ക് സ്റ്റീറോയിഡ് നൽകുന്നത് ബ്ലാക്ക് ഫംഗസിന് കാരണമായേക്കാമെന്ന് പറയപ്പെടുന്നു.കർണാടക, ഉത്തരാഖണ്ഡ്, തെലങ്കാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഹരിയാന, ബിഹാർ എന്നിവിടങ്ങളിലും ബ്ലാക്ക് ഫംഗസ് കേസുകളിൽ വർധനയുണ്ട്. അതെസമയം പാട്നയിൽ വൈറ്റ് ഫംഗസ് രോഗവും സ്ഥിരീകരിച്ചു. ഡോക്ടർ ഉൾപ്പടെ നാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here