ഭവാനിപ്പൂരില്‍ നിന്ന് ജനവിധി തേടാന്‍ മമത; സിറ്റിംഗ് എം എല്‍ എ സൊവാന്‍ ദേവ് രാജി വയ്ക്കും

നന്ദിഗ്രാമിലെ പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വീണ്ടും മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുന്‍കാലങ്ങളില്‍ തുടര്‍ച്ചയായി ജയിച്ചു വന്ന ഭവാനിപ്പൂര്‍ സീറ്റിലാവും മമത വീണ്ടും ജനവിധി തേടുക. ഈ സീറ്റില്‍ നിന്നും വിജയിച്ച് മന്ത്രിയായ സൊവന്‍ ദേബ് ചാറ്റര്‍ജി മമതയ്ക്ക് വേണ്ടി എംഎല്‍എ സ്ഥാനം രാജിവച്ചു.

നേരത്തെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയെങ്കിലും നന്ദിഗ്രാമില്‍നിന്ന് മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു. സിറ്റിങ് എം എല്‍ എയും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേരുകയും ചെയ്ത സുവേന്ദു അധികാരി ആയിരുന്നു മമതയെ പരാജയപ്പെടുത്തിയത്. തൃണമൂലില്‍ ആയിരിക്കേ മമതയുടെ വിശ്വസ്തനായിരുന്നു സുവേന്ദു. ബിജെപി സ്ഥാനാര്‍ത്ഥി സുവേധു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമില്‍ പോയി മത്സരിച്ച മമത രണ്ടായിരം വോട്ടുകള്‍ക്ക് തോറ്റിരുന്നു. എന്നാല്‍ 292 അംഗ നിയമസഭയില്‍ 213 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷം നേടി മമതയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ അധികാരം നിലനിര്‍ത്തി.

മമത നന്ദിഗ്രാമിലേക്ക് മാറിയതിനെ തുടര്‍ന്ന് വിശ്വസ്തനായ സൊവന്‍ ദേബ് ചാറ്റര്‍ജിയെ ഭവാനിപ്പൂരില്‍ മത്സരിപ്പിച്ചിരുന്നു. 57 ശതമാനം വോട്ടുകള്‍ നേടി സൊവന്‍ ദേബ് അവിടെ വന്‍വിജയം കരസ്ഥമാക്കുകയും ചെയ്തു. എന്നാല്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതയെ സുരക്ഷിതമായ സീറ്റില്‍ നിര്‍ത്തി വിജയിപ്പിക്കേണ്ടത് ആവശ്യമായി വന്നതോടെയാണ് സൊവന്‍ ദേബ് ചാറ്റര്‍ജി രാജിവച്ചൊഴിഞ്ഞത്. എം എല്‍ എ സ്ഥാനമൊഴിഞ്ഞെങ്കിലും അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരും എന്നാണ് തൃണമൂല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മുഖ്യമന്ത്രിയായി തുടരാന്‍ മമത ബാനര്‍ജി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ആറുമാസത്തിനുള്ളില്‍ സംസ്ഥാന നിയമസഭയില്‍ അംഗമാകുകയും വേണം. ആറ് മാസത്തിനുള്ളില്‍ എം.എല്‍.എ അല്ലാത്ത മന്ത്രി രാജിവയ്ക്കണമെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 പറയുന്നു. ഈ പശ്ചാത്തലത്തിലാണ് ഭവാനിപ്പൂരില്‍നിന്ന് മമത വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here