പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമൂഴത്തിന് നവകേരളത്തിന്റെ ഗീതാജ്ഞലി

ആറു പതിറ്റാണ്ടിന്റെ ചരിത്രം കേരളത്തിനു സമ്മാനിച്ച മാറ്റത്തിന്റെ നേര്‍ക്കാഴ്ചയോടെയാണു പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാമൂഴത്തിനു സാക്ഷ്യംവഹിക്കാന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയൊരുങ്ങിയത്. ഈ വിജയഗാഥ പാടി സിനിമ സംഗീത രംഗത്തെ 54 പ്രമുഖരാണ് പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവിന് ഗീതാഞ്ജലി നല്‍കിയത്.

വിര്‍ച്വല്‍ ആയായിരുന്നു അവതരണം. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീതശില്‍പ്പം മലയാളത്തില്‍ ആദ്യത്തേതാണ്.

മമ്മൂട്ടിയുടെ സമര്‍പ്പണാവതരണത്തോടെ തുടങ്ങിയ ഗീതാജ്ഞലിക്കു ഡോ. കെ.ജെ. യേശുദാസ്, മോഹന്‍ലാല്‍, എ.ആര്‍. റഹ്മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസ്യ, ഉണ്ണിമേനോന്‍, ശ്രീനിവാസ്, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ്, മധുബാലകൃഷ്ണന്‍, ശ്വേതാമോഹന്‍, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ശരത്, ബിജിബാല്‍, രമ്യാനമ്പീശന്‍, മഞ്ജരി, സുധീപ്കുമാര്‍, നജിം അര്‍ഷാദ്, ഹരിചരന്‍, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്‍, അപര്‍ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണന്‍, സയനോര, രാജലക്ഷ്മി, കല്ലറഗോപന്‍, മുരുകന്‍ കാട്ടാക്കട, പി.കെ. മേദിനി എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖര്‍ ശബ്ദം പകര്‍ന്നു.

38 ഓളം കവിതകളും നാടക ഗാനങ്ങളും പഴയകാല ചലച്ചിത്ര ഗാനങ്ങളുമെല്ലാം 21 മിനിറ്റു നീണ്ട നവകേരള ഗീതാജ്ഞലിയില്‍ നിറഞ്ഞു. കവി പ്രഭാവര്‍മയും റഫീഖ് അഹമ്മദുമാണ് ഓരോ കാലഘട്ടത്തിന്റെയും പാട്ടുകളേയും കവിതകളേയും ഇഴചേര്‍ക്കാന്‍ വരികളെഴുതിയത്.

സംവിധായകന്‍ ടി.കെ. രാജീവ്കുമാര്‍ ആശയാവിഷ്‌കാരം നിര്‍വഹിച്ചു. രമേശ് നാരായണന്‍ സംഗീതം ചിട്ടപ്പെടുത്തി. മണ്ണും മനുഷ്യനും എന്ന ആശയത്തിലൂന്നിയാണു സംഗീത ദൃശ്യാവിഷ്‌കാരം തയാറാക്കിയതെന്നു ടി.കെ രാജീവ് കുമാര്‍ പറഞ്ഞു.

1957 മുതലുള്ള കേരള സര്‍ക്കാരുകള്‍ നാടിന്റെ പുരോഗതിയിലേക്കുള്ള മാറ്റത്തിനായി സ്വീകരിച്ച ഇടപെടലുകളുടെ നേര്‍ക്കാഴ്ചയാണ് സംഗീതാര്‍ച്ചനയില്‍ ഉള്ളത്. കക്ഷിരാഷ്ട്രീയത്തിനതീതമായി സര്‍ക്കാരുകളും പ്രസ്ഥാനങ്ങളും മലയാളിയുടെ ജീവിതത്തെ ഏതു രീതിയിലാണു സ്വാധീനിച്ചതെന്ന് ഇതില്‍നിന്നു വ്യക്തമാകുന്നെന്നും രാജീവ് കുമാര്‍പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള മീഡിയ അക്കാദമിയും ചേര്‍ന്നാണു സംഗീതാവിഷ്‌കാരം നിര്‍മിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here