ബാർജ് ദുരന്തത്തിൽ 5 മലയാളികൾ അടക്കം മരണം 51; അമർഷത്തോടെ മഹാരാഷ്ട്ര

മുംബൈയിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ബാർജ് ദുരന്തത്തിൽ തിരച്ചിൽ തുടരുകയാണ്. 5 മലയാളികളടക്കം 51 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് കണ്ടു കിട്ടിയിരിക്കുന്നത്.

ഇത് വരെ 22 മലയാളികൾ അടക്കം 186 പേരെ രക്ഷിക്കാനായി. രക്ഷപ്പെട്ട നൂറുകണക്കിനാളുകൾ ആശുപത്രികളിൽ ചികിത്സയിലാണ്. പലരും ഇനിയും ദുരന്തത്തിന്റെ ഭീകരാവസ്ഥയിൽ മോചിതരായിട്ടില്ല. ബാർജിൽ 261 പേരാണ് ഉണ്ടായിരുന്നത്. 24 പേർക്കായുള്ള തിരച്ചിൽ നടക്കുമ്പോൾ കാണാതായവരിൽ മലയാളികളും ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഔദ്യോദിക അറിയിപ്പുകളുടെ അഭാവം വലിയ ആശങ്കയാണ് ഉയർത്തിയത്.

മുന്നറിയിപ്പ് അവഗണിച്ചതാണ് അപകടകരണമായി ചൂണ്ടിക്കാണിച്ചത്. വേണ്ട മുൻകരുതലുകൾ എടുക്കാതിരുന്നതാണ് ഒട്ടേറെപ്പേർക്ക് ജീവഹാനി സംഭവിക്കാൻ കാരണമായതെന്നും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നു. നരഹത്യക്ക് ക്യാപ്റ്റനെതിരെ കേസെടുത്തു. ടൗട്ടേ ചുഴലിക്കാറ്റ് വരുന്നുണ്ടെന്ന മുന്നറിയിപ്പ് ഒരാഴ്ചമുമ്പുതന്നെ ലഭിച്ചിട്ടും ബാർജിന്റെ ക്യാപ്റ്റൻ ഉചിതമായ നടപടിയെടുത്തില്ലെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത് .

അവഗണന

മുന്നറിയിപ്പ് അവഗണിച്ചതാണ് അപകട കാരണമായി ചൂണ്ടിക്കാട്ടുന്നത്. വേണ്ട മുൻകരുതലുകൾ എടുക്കാതിരുന്നതാണ് ഒട്ടേറെപ്പേർക്ക് ജീവഹാനി സംഭവിക്കാൻ കാരണമായതെന്നും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നു .

ഒ എൻ ജി സിയുടെ ഭാഗത്ത് വലിയ പിഴവുകളാണ് ഉണ്ടായിരിക്കുന്നത്. കൊടുങ്കാറ്റ് മുന്നറിയിപ്പുകൾ അവഗണിച്ച് കപ്പലുകൾ ഇത്രയധികം തൊഴിലാളികളുമായി കടലിൽ തന്നെ നിന്നത് സംശയാസ്പദമായ ചില തീരുമാനങ്ങൾക്ക് പുറമെ, ഗുരുതരമായ ആശങ്കകൾ ഉയർത്തുന്ന നിരവധി സാങ്കേതിക പരാജയങ്ങളും ഉയർത്തുന്നു.

കേന്ദ്രത്തിനെതിരെ അമർഷം

സംഭവത്തിൽ പ്രതിഷേധിച്ചു മഹാരാഷ്ട്രയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരിക്കയാണ്. കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിന്റെ അലംഭാവത്തിൽ പതിനായിരങ്ങളാണ് മരണപ്പെട്ടതെന്നും ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് ഇപ്പോഴുണ്ടായ മരണങ്ങൾക്ക് കാരണമെന്നും കോൺഗ്രസ്സ് വ്യക്താവ് സച്ചിൻ സാവന്ത് ആരോപിച്ചു. മനുഷ്യ നിർമ്മിത ദുരന്തമാണിതെന്നും പെട്രോളിയം മന്ത്രി രാജി വയ്ക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടു

അപകടത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒ എൻ ജി സി ഉൾപ്പെടെയുള്ള അധികൃതർക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് എൻ സി പി നേതാവും മന്ത്രിയുമായ നവാബ് മാലിക് പറഞ്ഞു. ഒ എൻ‌ ജി‌ സിയുടെ തെറ്റായ തീരുമാനം നിരപരാധികളായ നിരവധി തൊഴിലാളികളുടെ ജീവനാണ് അപകടത്തിലാക്കിയതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഇന്ധന മേഖലയിലെ വലിയ ദുരന്തമാണിതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത് പറഞ്ഞു. കൃത്യമായ അറിവുണ്ടായിട്ടും ഉത്തരവാദിത്തപ്പെട്ടവർ നടപടി സ്വീകരിക്കാതിരുന്നതാണ് അപകടം വരുത്തി വച്ചതെന്നും സഞ്ജയ് ആരോപിച്ചു.

ഇത്ര വലിയ ദുരന്തം നടന്നിട്ടും നരേന്ദ്ര മോദി മഹാരാഷ്ട്ര സന്ദർശിക്കാതിരുന്നതും ജനങ്ങൾക്കിടയിലും വലിയ അമർഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഗുജറാത്തിലെത്തി ചുഴലിക്കാറ്റ് ദുരിതത്തിലായവർക്ക് സഹായങ്ങൾ നൽകിയ പ്രധാനമന്ത്രി മഹാരാഷ്ട്രയെ അവഗണിക്കുകയായിരുന്നുവെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഇതേ വിവേചനമാണ് കാണിച്ചതെന്നും പരക്കെ പരാതി ഉയർന്നിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News