ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്റെ ലഭ്യത ഉറപ്പാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്റെ ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതുസംബന്ധിച്ച് ബോധവല്‍ക്കരണവും സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മ്യൂക്കർ എന്ന വിഭാഗം ഫംഗസുകൾ മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയാണ് മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം. മുഖം, മൂക്ക്, കണ്ണ്, തലച്ചോർ എന്നിവയെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച നഷ്ടപ്പെടൽ, മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥയ്ക്ക് കാരണമായേക്കാം.

പലപ്പോഴും തലച്ചോറിലേക്ക് ഫംഗസ് ബാധ പടർന്നാൽ രക്തം കട്ടയാവുകയും മരണം സംഭവിക്കുകയും ചെയ്യും, അല്ലെങ്കിൽ രോഗ പ്രതിരോധ ശേഷി കുറഞ്ഞ് മരണം സംഭവിക്കാനും സാധ്യതയുണ്ട്. അപൂർവ രോഗങ്ങളുടെ കൂട്ടത്തിൽ പെടുന്ന ബ്ലാക്ക് ഫംഗസ് രോഗം രോഗപ്രതിരോധ ശേഷി കുറവുള്ള വ്യക്തികൾ, പ്രമേഹ രോഗികൾ, എച്ച്.ഐ.വി രോഗികൾ, അവയവമാറ്റം കഴിഞ്ഞിരിക്കുന്ന രോഗികൾ അല്ലെങ്കിൽ അടുത്തിടെ മറ്റൊരു ഗുരുതരമായ രോഗം ഭേദമായ വ്യക്തികൾ തുടങ്ങിയവരെയാണ് ബാധിക്കുക.

കൊവിഡ് രോഗം വന്ന് ഭേദമായവർക്കിടയിൽ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കൊവിഡ് മൂലമുണ്ടാകുന്ന രോഗമാണ് ബ്ലാക് ഫംഗസ് എന്ന തെറ്റിദ്ധാരണ വന്നിരുന്നു. എന്നാൽ യഥാർത്ഥത്തിൽ കൊവിഡ് മൂലം ഉണ്ടായിട്ടുള്ള ഒരു രോഗമല്ല ബ്ലാക്ക് ഫംഗസ്. വളരെ മുമ്പ് തന്നെ ബ്ലാക്ക് ഫംഗസ് രോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here