‘ഇന്ത്യന്‍ പാര്‍ലമെന്റ് അംഗത്വം സ്വന്തം അധികാര മോഹത്താല്‍ വലിച്ചെറിഞ്ഞ കപടനാണ് താങ്കള്‍’ ; കുഞ്ഞാലിക്കുട്ടിക്ക് വീണ്ടും ലീഗുകാരുടെ പൊങ്കാല

കുഞ്ഞാലിക്കുട്ടിക്ക് വീണ്ടും ലീഗുകാരുടെ പൊങ്കാല. ലോക്സഭാംഗത്വം രാജിവെച്ച് വന്ന പി.കെ കുഞ്ഞാലിക്കുട്ടിയിലുള്ള അധികാര മോഹമാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാകാന്‍ കാരണമായതെന്നാണ് ലീഗ് പ്രവര്‍ത്തകരുടെ വിമര്‍ശനം. ഇത്തരത്തില്‍ ദേശീയതലത്തിലുള്ള പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനാണ് ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചതെന്നും അന്നൊന്നും പ്രതികരിക്കാതെ ഇപ്പോള്‍ ഫേസ്ബുക്കില്‍ മാത്രം ഇത്തരത്തില്‍  വാചാലനാകുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും അണികള്‍ ചോദിക്കുന്നു.

ഹരിയാനയില്‍ ആസിഫ് ഖാന്‍ എന്ന ചെറുപ്പക്കാരനെ സംഘ്പരിവാര്‍ അനുകൂലികളായ മുപ്പതോളം പേര്‍ സംഘം ചേര്‍ന്ന് നിര്‍ബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തെ അപലപിച്ച് കുഞ്ഞാലിക്കുട്ടി കുറിച്ച ഫേസ്ബുക്ക് കുറിപ്പിന് കീഴെയാണ് ലീഗ്പ്രവര്‍ത്തകരുടെ പ്രതിഷേധം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് അഭിനന്ദനം അറിയിച്ച് കുഞ്ഞാലിക്കുട്ടി പങ്കുവെച്ച പോസ്റ്റിന് താഴെയും ലീഗുകാരുടെ പ്രതിഷേധം അലയടിക്കുകയാണ്.

പ്രധാന കമന്റുകളില്‍ ചിലത് ഇങ്ങനെ….

‘ഇന്ത്യന്‍ പാര്‍ലിമെന്റ് അംഗത്വം സന്തം അധികാര മോഹതിനു മുമ്പില്‍ വലിച്ചെറിഞ്ഞ കപടനാണ് താങ്കള്‍,ഒരുപാട് പ്രതീക്ഷ യുണ്ടായിരുന്നു നമ്മുടെ പ്രസ്ഥാനത്തില്‍ നശിപ്പിച്ചില്ലേ ഒരു ധീര പ്രസ്ഥാനത്തിന്റെ ആത്മവിശ്വാസത്തെ, അംഗീകാരത്തെ താങ്കള്‍ ആത്മാര്‍ത്ഥ ത ഒട്ടുമേ ഇല്ല താങ്കളുടെ വാക്കുകള്‍ക്ക്..’,

‘ഇത് മുന്‍പും അരങ്ങേറിയിരുന്നു എന്ന് താങ്കള്‍ തന്നെ പറയുന്നു…ഈ പറയുന്ന നരേന്ദ്രമോദിയുടെ മൂക്കിന് തുമ്പത്ത് ഇല്ലായിരുന്നോ കുറച്ചു കാലം… ചൊറിയും കുത്തി ഇരുന്നതല്ലാതെ എന്ത് ചെയ്യാന്‍ കഴിഞ്ഞു? മോദിയുടെ മുഖത്തു നോക്കി എന്തേ ആക്രോശിക്കാന്‍ ധൈര്യം പോരാതെ വന്നത്? യുദ്ദം മതിയാക്കി ഇപ്പോള്‍ ഫേസ്ബുക്കില്‍ വന്ന് വാചാലനായിട്ട് ആര്‍ക്ക് എന്ത് ഗുണം…..’

ഇതെല്ലാം തടയാന്‍ വേണ്ടിയാണ് നിങ്ങളെ ഞങ്ങള്‍ പാര്‍ലമെന്റിലേക്ക് മലപ്പുറത്തെ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചത് ..വോട്ടുചെയ്ത ജനങ്ങളോട് ഒരു പ്രതിബദ്ധതയും ഇല്ലാതെ അധികാര മോഹം കൊണ്ട് തിരിച്ചു വന്നിട്ട് ഇപ്പോള്‍ ഇങ്ങനെയുള്ള എആ പോസ്റ്റ് ഇട്ട് സ്വയം വിഡ്ഢിയുടെ വേഷം കെട്ടുന്നതില്‍ എന്ത് അര്‍ത്ഥം…..

തുടങ്ങി വന്‍പ്രതിഷേധമാണ് അണികള്‍ കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴെ കുറിച്ചിരിക്കുന്നത്. വീണ്ടും അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി സഭയെ ആഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി കുറിച്ച ഫേസ്ബുക്ക് പോസ്റ്റിലും സമാനമായ തരത്തില്‍ ലീഗ്പ്രവര്‍ത്തകര്‍ പൊങ്കാലയുമായെത്തിയിരുന്നു. പി.കെ അബ്ദുറബ്ബ് ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളും സമാനമായ വിമര്‍ശനം പരസ്യമായി ഉന്നയിച്ചിരുന്നു.

കുഞ്ഞാലിക്കുട്ടിക്കെതിരെ വന്ന വിമര്‍ശന കമന്റുകളെല്ലാം പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു. ഇതിനെതിരെയും പലരും പ്രതിഷേധവുമായി എത്തുന്നുണ്ട്.

നേതൃമാറ്റം വേണമെന്നുള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ മുറവിളി ഉയരുന്നതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിക്കുന്നത്.

മുന്‍പ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വന്‍ വിമര്‍ശനമാണ് നേരിട്ടത്.  എന്നാല്‍ പിറ്റേ ദിവസം ആയപ്പോഴേക്കും വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളെല്ലാം ഡിലീറ്റ് ചെയ്യുകയായിരുന്നു. അനുകൂലിച്ചുകൊണ്ടുള്ള ആയിരത്തില്‍ താഴെ കമന്റുകള്‍ മാത്രമാണ് പിന്നീട് പോസ്റ്റിന് താഴെ അവശേഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News