ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കും, അഴിമതി വച്ചുപൊറുപ്പിക്കില്ല : മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുമെന്നും അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. മഴക്കാലപൂര്‍വ പ്രവൃത്തികള്‍ സംബന്ധിച്ച് വകുപ്പിലെ ഉദ്യോഗസ്ഥരുമായി ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും കഠിനാധ്വാനം ചെയ്യുന്നവരാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണിയും നിര്‍മാണവും ത്വരിതപ്പെടുത്താന്‍ അദ്ദേഹം യോഗത്തില്‍ നിര്‍ദ്ദേശിച്ചു. പാലക്കാട് – മണ്ണാര്‍ക്കാട് ദേശീയപാത വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് പൊഴിയൂരില്‍ കടലാക്രമണത്തില്‍ തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കും.

മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ അപകടാവസ്ഥയിലുള്ള കടലുണ്ടിക്കാവ് പാലം പുനസ്ഥാപിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കും. ആലപ്പുഴയില്‍ കൃഷ്ണപുരം – ഹരിപ്പാട് ദേശീയപാത 66ലെ അറ്റകുറ്റപ്പണികള്‍ക്കുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും.

തലശേരി മണ്ഡലത്തിലെ ശോച്യാവസ്ഥയിലുള്ള പൂക്കോം – മാടപ്പീടിക റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ വേഗത്തിലാക്കാനും തീരുമാനിച്ചു. മഴക്കാലപൂര്‍വ പ്രവൃത്തികളെല്ലാം അടിയന്തരപ്രാധാന്യത്തോടെ പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

2018- 19ലെ പ്രളയ കെടുതിയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും യോഗത്തില്‍ അവലോകനം ചെയ്തു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് സന്നിഹിതനായിരുന്നു. ചീഫ് എന്‍ജിനിയര്‍മാര്‍, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെ 70 പേര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel