ബാര്‍ജ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 75 ലക്ഷം രൂപ വരെ ധനസഹായം

മുംബൈ തീരത്തുണ്ടായ ബാര്‍ജ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 35 മുതല്‍ 75 ലക്ഷം രൂപ വരെ ധനസഹായമായി ലഭിക്കും. എക്‌സ്‌ഗ്രേഷ്യയും ഇന്‍ഷുറന്‍സ് തുകയും ചേര്‍ന്ന് അടുത്ത പത്തുവര്‍ഷത്തെ സേവന കാലാവധി കണക്കാക്കിയാകും ശമ്പളത്തിന് തുല്യമായ തുക ധനസഹായമായി നല്‍കുകയെന്ന് അഫ്‌കോണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അറിയിച്ചു. അഫ്‌കോണ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുള്ള ബോംബെ ഹൈയിലെ പി 305 ബാര്‍ജാണ് അപകടത്തില്‍പ്പെട്ടത്.

ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബോംബെ ഹൈയിലെ ഒ എന്‍ ജി സി എണ്ണ കിണറുകള്‍ക്ക് സമീപമാണ് ബാര്‍ജ് കടലില്‍ മുങ്ങി അപകടം സംഭവിക്കുന്നത്. ബാര്‍ജില്‍ 261 പേര്‍ ഉണ്ടായിരുന്നു. അവരില്‍ 5 മലയാളികള്‍ അടക്കം 51 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. സംഭവം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും 24 പേരെ കൂടി കണ്ടെത്താനുണ്ട്. കാണാതായവരില്‍ മലയാളികളുമുണ്ട്.

നഷ്ടപരിഹാരത്തിനും തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നതിനുമായി കമ്പനി ഒരു ട്രസ്റ്റ് രൂപവത്കരിക്കും. 35 ലക്ഷം രൂപ മുതല്‍ 75 ലക്ഷം രൂപ വരെയായിരിക്കും കുടുംബങ്ങള്‍ക്ക് ലഭിക്കുക. അപകടത്തില്‍ മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസാവശ്യത്തിന് ട്രസ്റ്റിനു കീഴില്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു . അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ പരിപാലിക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News