കര്‍ണാടകയില്‍ ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കര്‍ണാടകയില്‍ ലോക്ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടി. ജൂണ്‍ ഏഴുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അറിയിച്ചു. നിലവില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മെയ് 24ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്.

ഇന്ന് 32,218 പുതിയ കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ സ്ഥിരീകരിച്ചത്. ഇതില്‍ 9,591 കേസുകള്‍ ബംഗളൂരു നഗരത്തില്‍ നിന്ന് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 353 പേര്‍കൂടി രോഗബാധയേറ്റ് മരിച്ചതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ക്യാബിനറ്റ് അംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന യോഗത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായത്.

അടുത്ത രണ്ടാഴ്ചയിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. രാവിലെ പത്തുമണിക്കുശേഷവും ആളുകള്‍ കറങ്ങിനടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യപ്രവര്‍ത്തകരില്‍ വ്യാപകമായി രോഗബാധ കണ്ടുവരുന്നതിനാല്‍ അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് യെദിയൂരപ്പ പറഞ്ഞു. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിക്കുന്നവര്‍ക്ക് ജില്ലാ ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here