മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവ്; ഇ ഡിക്കെതിരെ കേസെടുത്ത് കോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസെടുത്തു. ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് ഇ ഡിക്കെതിരെ കേസെടുത്തത്. വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്റെ കേസന്വേഷണ രേഖകള്‍ പരിശോധിച്ചാണ് കോടതി നടപടി.

ഡോളര്‍ കടത്തു കേസ് പ്രതി സന്ദീപ് നായരുടെ പരാതിയും അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് എടുത്ത സന്ദീപിന്റെ മൊഴിയും ഉള്‍പ്പടെ ഹൈക്കോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ചാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇ ഡിക്കെതിരെ കേസെടുത്തത്. പ്രതികളെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടാക്കാന്‍ ശ്രമിച്ചതിന് ഇ ഡിക്കെതിരെ രണ്ട് കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്നത്.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ആദ്യ കേസ്. സ്വപ്നയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന വനിതാ പോലീസുദ്യോസ്ഥയും സ്വപ്നയുടെ ആരോപണം ശരിവെക്കുന്ന തരത്തില്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പുറമെ മറ്റൊരു പ്രതി സന്ദീപ് നായരും സമാനമായ ആരോപണം ഉന്നയിച്ച് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജിക്ക് നേരിട്ട് പരാതി അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് മറ്റൊരു കേസും ക്രൈംബ്രാഞ്ച് ഇ ഡിക്കെതിരെ രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഈ രണ്ടു കേസുകളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയെ സമീപിച്ചു. ക്രൈം ബ്രാഞ്ച് കേസുകള്‍ റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സന്ദീപ് നായരുടെ 161 മൊഴി പ്രകാരമുള്ള കേസ് ബന്ധപ്പെട്ട കോടതിയുടെ പരിശോധനക്കയക്കാനും നിര്‍ദേശിച്ചിരുന്നു.

ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി ഇക്കാര്യത്തില്‍ അന്വേഷണം നടത്തണോ എന്ന് ബന്ധപ്പെട്ട കോടതിയാണ് തീരുമാനിക്കേണ്ടതെന്നും വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇ ഡിക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്. ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഇ ഡി വ്യാജ തെളിവുണ്ടാക്കി എന്ന ക്രൈംബ്രാഞ്ച് കേസില്‍ കഴമ്പുണ്ടെന്നാണ് കോടതി നടപടിയിലൂടെ വ്യക്തമായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News