ക്ഷീര കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം; നാളെ മുതല്‍ മില്‍മ മുഴുവന്‍ പാലും സംഭരിക്കും

കോഴിക്കോട്: ക്ഷീര കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം. നാളെ (23-5) മുതല്‍ മലബാറിലെ ക്ഷീര സംഘങ്ങളില്‍ നിന്ന് മുഴുവന്‍ പാലും മില്‍മ സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീരവികസന – മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുമായി മില്‍മ മലബാര്‍ മേഖല യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണി നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തിലാണ് മുഴുവന്‍ പാലും സംഭരിക്കാനുള്ള തീരുമാനം.

ത്രിതല പഞ്ചായത്തുകള്‍, ട്രൈബല്‍ കമ്യൂണിറ്റി, അതിഥി തൊഴിലാളി ക്യാമ്പുകള്‍, വൃദ്ധ സദനങ്ങള്‍, കോവിഡ് ആശുപത്രികള്‍, ആംഗന്‍വാടികള്‍ എന്നിവടങ്ങിളിലൂടെ പാല്‍വിതരണം നടത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവും. സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്ന മലപ്പുറം ജില്ലയൊഴിച്ച് സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ പാലിന്റെയും ഇതര ഉത്പ്പന്നങ്ങളുടെയും വിപണനത്തില്‍ പുരോഗതിയുണ്ട്. ആയതിനാല്‍ മില്‍മയുടെ എറണാകുളം, തിരുവന്തപുരം യൂണിയനുകള്‍ മലബാറില്‍ നിന്ന് പാല്‍ സ്വീകരിക്കാം എന്നറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രതിദിനം രണ്ടു ലക്ഷം ലിറ്റര്‍ പാല്‍ പൊടിയാക്കി നല്‍കാമെന്ന് തമിഴനാട്ടിലെയും, കര്‍ണാടകയിലേയും പാല്‍പ്പൊടി നിര്‍മാണ ഫാക്ടറികള്‍ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് നാളെ മുതല്‍ മുഴുവന്‍ പാലും സംഭിക്കാന്‍ മില്‍മ തീരുമാനമെടുത്തത്.

രാജ്യത്തെ കാര്‍ഷിക മേഖലയില്‍ വിശിഷ്യ ക്ഷീര മേഖലയില്‍ ഒന്നാകെ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇത് മില്‍മയെയും ബാധിച്ചു. ഈ സന്നിഗ്ധ ഘട്ടത്തില്‍ മലബാറിലെ ക്ഷീര കര്‍ഷകര്‍ക്കുവേണ്ടി പ്രത്യേക താത്പര്യമെടുത്ത് പ്രശ്ന പരിഹാരത്തിനായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രി , ക്ഷീര വികസന – മൃഗസംരക്ഷണ വകുപ്പുമന്ത്രി എന്നിവര്‍ക്ക് ക്ഷീര കര്‍ഷകരുടെ പേരില്‍ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ്. മണിയും, മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളിയും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News