ജീവന്‍രക്ഷാമരുന്ന് എത്തിക്കാന്‍ പൊലീസ് സംവിധാനം

സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവർക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകൾ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. ലോക്ഡൗണിനെ തുടർന്ന് ജില്ലവിട്ടുളള യാത്രകൾക്ക് നിയന്ത്രണം വന്നതിനെത്തുടർന്നാണ് മരുന്ന് വിതരണത്തിന് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയത്.

ജീവൻരക്ഷാമരുന്നുകൾ എത്തിക്കുന്നതിന് മാത്രമാണ് ഈ സംവിധാനമെന്നും സാധാരണ മരുന്നുകൾ ഈ മാർഗ്ഗത്തിലൂടെ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ഇതിനായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രത്യേക വാഹനസൗകര്യം ഏർപ്പെടുത്തി.

ഹൈവേ പട്രോൾ വാഹനങ്ങൾ ഉപയോഗിച്ചാണ് ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് മരുന്ന് എത്തിക്കുന്നത്. സംവിധാനത്തിൻറെ നടത്തിപ്പിന് ദക്ഷിണമേഖലാ ഐ.ജി ഹർഷിതാ അത്തല്ലൂരിയെ സംസ്ഥാനതല നോഡൽ ഓഫീസറായി നിയോഗിച്ചു. പൊലീസ് ആസ്ഥാനത്തെ ഹൈവേ അലർട്ട് സെല്ലാണ് മരുന്നുകളുടെ നീക്കം നിരീക്ഷിക്കുന്നത്.

ഈ സംവിധാനം പ്രയോജനപ്പെടുത്താൻ 112 എന്ന നമ്പരിൽ പൊലീസിനെ ബന്ധപ്പെടാം. രോഗിയുടെ പേരും വിലാസവും ഫോൺ നമ്പരും പൊലീസ് സ്റ്റേഷൻറെ പേരും രേഖപ്പെടുത്തി ഭദ്രമായി പൊതിഞ്ഞ പായ്ക്കറ്റ് പൊലീസ് ശേഖരിച്ചശേഷം നോഡൽ ഓഫീസറെ വിവരം അറിയിക്കും. പ്രത്യേക വാഹനത്തിലോ ഹൈവേ പട്രോൾ വാഹനങ്ങളിലോ മരുന്നുകൾ നിർദ്ദിഷ്ടസ്ഥലത്ത് എത്തിക്കാൻ ആവശ്യമായ നിർദ്ദേശം നോഡൽ ഓഫീസർ നൽകും.

തിരുവനന്തപുരത്തെ മെഡിക്കൽ കോളേജ്, കൊച്ചിയിലെ സെൻട്രൽ പൊലീസ് സ്റ്റേഷനുകൾ മരുന്നുകൾ ശേഖരിക്കാനുള്ള കേന്ദ്രങ്ങളായി പ്രവർത്തിക്കും. ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും ബന്ധുക്കൾക്കും ഈ കേന്ദ്രങ്ങളിൽ മരുന്ന് എത്തിക്കുകയും ചെയ്യാം. ജില്ലയ്ക്ക് അകത്താണ് മരുന്നുകൾ എത്തിക്കേണ്ടതെങ്കിൽ അവ ശേഖരിച്ച് ജനമൈത്രി പൊലീസ് വഴി നൽകേണ്ട ചുമതല അതത് ജില്ലാ പൊലീസ് മേധാവിമാർക്കാണ്.

മരുന്നുകൾ മാറിപ്പോകാതിരിക്കാനും കൃത്യമായ മേൽവിലാസത്തിൽത്തന്നെ എത്തിച്ചുനൽകാനും അതീവശ്രദ്ധ പുലർത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News