സ്ഥാനമൊഴിയുന്ന ചെന്നിത്തലയ്‌ക്കെതിരെ ഒളിയമ്പുകള്‍ നിറഞ്ഞതായിരുന്നു നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാര്‍ത്താ സമ്മേളനം

പ്രതിപക്ഷ നേതാവ് സ്ഥാനമൊഴിയുന്ന രമേശ് ചെന്നിത്തലക്ക് എതിരെ ഒളിയമ്പുകള്‍ നിറഞ്ഞതായിരുന്നു നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാര്‍ത്താ സമ്മേളനം. സര്‍ക്കാര്‍ ചെയ്യുന്ന എല്ലാറ്റിനെയും എതിര്‍ക്കുന്ന ചെന്നിത്തല ശൈലിയോടുള്ള വിയോജിപ്പ് സതീശന്‍ പരസ്യമായി പ്രകടിപ്പിച്ചു. തന്റെ സ്ഥാനലബ്ധിയില്‍ കെ സി വേണുഗോപാലിന് ആവര്‍ത്തിച്ച് നന്ദി പ്രകടിപ്പിച്ച സതീശന്റെ വാക്കുകള്‍, കോണ്‍ഗ്രസിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ ചൂണ്ടുപലകയായി.

താനൊരു ക്രിയാത്മക പ്രതിപക്ഷ നേതാവായിരിക്കുമെന്നും ഭരണ പക്ഷം ചെയ്യുന്ന എല്ലാത്തിനെയും എതിര്‍ക്കുന്ന രീതിയാവില്ല തന്റേതെന്നുമാണ് വി ഡി സതീശന്റെ ആദ്യ പ്രഖ്യാപനം. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തലയുടെ ശൈലി ആവില്ല തന്റേത് വ്യക്തമാക്കുകയായിരുന്നു സതീശന്‍. ചെന്നിത്തലയുടെ പ്രവര്‍ത്തന ശൈലിയോടുള്ള വിയോജിപ്പാണ് സതീശന്‍ ഇതിലൂടെ പരസ്യമാക്കിയത്.

ചെന്നിത്തലയെ വെട്ടിയാണ് പ്രതിപക്ഷ നേതാവ് ആയതെങ്കിലും അദ്ദേഹത്തെ ജ്യേഷ്ഠ സഹോദരന്‍ എന്നാണ് സതീശന്‍ വിശേഷിപ്പിച്ചത്. ആന്റണി-ഉമ്മന്‍ചാണ്ടി ബന്ധം പോലെയാണ് താനും ചെന്നിത്തലയും തമ്മിലുള്ള ബന്ധമെന്നും സതീശന്‍ ചേര്‍ത്തു പറഞ്ഞു.

രണ്ടായിരത്തി നാലില്‍ സ്വന്തം ഗ്രൂപ്പ് നേതാവായ എ കെ ആന്റണിയെ വെട്ടി മുഖ്യമന്ത്രി പദവിയിലെത്താന്‍ ഉമ്മന്‍ചാണ്ടി കളിച്ച ഗ്രൂപ്പുകളികളുടെ ആവര്‍ത്തനമായിരുന്നു ഇന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കണ്ടത്. ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും പകരം രമേശ് ചെന്നിത്തലയും വി ഡി സതീശനുമായെന്നു മാത്രം.

രണ്ടായിരത്തി നാലും രണ്ടായിരത്തി ഇരുപത്തൊന്നും തമ്മില്‍ ഒരുപാട് സാദൃശ്യങ്ങളുണ്ട് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍. തനിക്ക് ഒപ്പമുണ്ടായിരുന്ന നേതാക്കളെ ഉമ്മന്‍ചാണ്ടി അടര്‍ത്തിയെടുത്തത് അന്ന് ആന്റണി അറിഞ്ഞിരുന്നില്ല. ഇന്ന് വി ഡി സതീശന്‍, കെ സി വേണുഗോപാലിന്റെ പിന്തുണയോടെ നടത്തിയ നീക്കങ്ങള്‍ ചെന്നിത്തലക്കും തിരിച്ചറിയാനായില്ല. കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളില്‍ സംഭവിക്കുന്ന മാറ്റത്തിന്റെ സൂചകങ്ങള്‍ കൂടിയാണിത്.

തന്റെ സ്ഥാന ലബ്ധിയില്‍ കെ സി വേണുഗോപാലിന് നന്ദി അറിയിച്ച സതീശന്‍ കെ പി സി സി യിലും തലമുറ മാറ്റം ഉണ്ടാകണം എന്ന ആവശ്യം മുന്നോട്ട് വെക്കുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെ സി വേണുഗോപാല്‍ യുഗം ആരംഭിക്കുന്നതിന്റെ സൂചനയായാണ് വി ഡി സതീശന്റെ സ്ഥാനലബ്ധിയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News