ആര്‍എസ്എസ് – ബിജെപി രാഷ്ട്രീയത്തെ ക്ലാസ്സ് മുറിയില്‍ വിമര്‍ശനാത്മകമായി വിലയിരുത്തി എന്ന ‘കുറ്റത്തിനു’, കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഡോ:വി. ശിവദാസന്‍ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പോഖ്രിയാലിന് കത്ത് നല്‍കി.
ഇന്ത്യയിലെ ആര്‍ എസ് എസ് രാഷ്ട്രീയം പ്രോട്ടോ ഫാഷിസ്‌റ് സ്വഭാവം ഉള്ളതാണോ എന്ന ചോദ്യം ഉയര്‍ത്തിയതാണ് ഗില്‍ബര്‍ട്ടിന്റെ സസ്‌പെന്‍ഷന് വഴി തെളിച്ചത്. ഒരു അദ്ധ്യാപകന്‍ തന്റെ വീക്ഷണകോണില്‍ നിന്ന് വിദ്യാര്‍ത്ഥികളോട് സംവദിച്ചതിന് സസ്‌പെന്‍ഷന്‍ പോലുള്ള നടപടി സ്വീകരിക്കുന്നത് സ്വതന്ത്ര ചിന്തയെയും വിമര്‍ശനത്തെയും നിശബ്ദമാക്കുന്നതിന് തുല്യമാണ്. ക്ലാസ് റൂമുകള്‍ തുറന്ന ചര്‍ച്ചയ്ക്കുള്ള ഒരു ഇടമായിരിക്കണം.
എങ്കില്‍ മാത്രമേ അവിടെ വൈവിധ്യമാര്‍ന്ന ആശയങ്ങള്‍ വേരുറപ്പിക്കുകയുള്ളു. ഫാഷിസ്‌റ് ആണോ എന്ന് സംശയം ഉന്നയിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് തങ്ങളുടെ ഫാഷിസ്‌റ് സ്വഭാവം ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഇതിലൂടെ സംഘപരിവാര്‍ ചെയ്തിരിക്കുന്നത്.
ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സസ്പെന്‍ഡ് ചെയ്തത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ബിജെപി ഭരണത്തിന്‍ കീഴില്‍ അക്കാദമിക് സ്ഥാപനങ്ങള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ പലപ്പോഴായി വിവിധ രൂപങ്ങളില്‍ നടന്ന ആക്രമണങ്ങളുടെ ഒരു തുടര്‍ച്ചയായി മാത്രമേ ഈ നടപടിയെയും കാണാന്‍ കഴിയൂ. താന്‍ നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന ഭീതി സൃഷ്ടിച്ചു എല്ലാ വ്യത്യസ്തശബ്ദങ്ങളെയും ഇല്ലാതാക്കുക എന്ന തന്ത്രമാണ് ഇവിടെ പയറ്റുന്നത്.
അക്കാഡമിക സ്വാതന്ത്ര്യത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന ഈ നടപടി പിന്‍വലിച്ച് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ എത്രയും വേഗം സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും രാജ്യത്തെ സര്‍വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ ലക്ഷ്യം വെച്ച് അക്കാദമിക് സ്വാതന്ത്ര്യത്തിനുമേല്‍ നടക്കുന്ന കടന്നുകയറ്റങ്ങള്‍ അവസാനിപ്പിക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടു.
Get real time update about this post categories directly on your device, subscribe now.