മുംബൈ ബാര്‍ജ് ദുരന്തം; ആശങ്ക പങ്കു വച്ച് കേരള മുഖ്യമന്ത്രി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തെഴുതി

മുംബൈയില്‍ ചുഴലിക്കാറ്റ് മൂലം ബാര്‍ജില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികളുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ ആശങ്ക പങ്കു വച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തെഴുതി.

ദുരിതത്തിലായ തൊഴിലാളികളില്‍ നിരവധി പേര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും ഉറ്റവരുടെ വിവരങ്ങളറിയാതെ നിരവധി ബന്ധുക്കളാണ് ആശങ്കയോടെ അന്വേഷണം നടത്തുന്നതെന്നും കത്തില്‍ പരാമര്‍ശിച്ചു.

ഇക്കാര്യത്തില്‍ ഔദ്യോദിക തലത്തില്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും എന്നിരുന്നാലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ വേഗത്തിലുള്ള നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മലയാളികളുടെ മൃതദേഹങ്ങള്‍ ജന്മനാടുകളില്‍ എത്തിക്കുന്നതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട കമ്പനികളാണ് ഏറ്റെടുത്തിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമാകുന്ന സഹായങ്ങളെല്ലാം നോര്‍ക്കയുടെ ഭാഗത്തു നിന്നും നല്‍കുന്നുണ്ടെന്നാണ് നോര്‍ക്ക റൂട്ട്‌സ് ഡെവലപ്മെന്റ് ഓഫീസറും കേരള സര്‍ക്കാരിന്റെ ജോയിന്റ് സെക്രട്ടറിയുമായ ശ്യാംകുമാര്‍ പറഞ്ഞു.

മുംബൈയില്‍ ബാര്‍ജ് ദുരന്തത്തില്‍ മരണപ്പെട്ട 61 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 8 മലയാളികള്‍ ഉള്‍പ്പെടെ 26 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് കൈമാറിയതായി കമ്പനി അറിയിച്ചു. കാണാതായവര്‍ക്ക് വേണ്ടി പ്രത്യേക മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘത്തെ നാവിക സേന നിയോഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here