ആലപ്പുഴ ജില്ലയിലെ കുളമ്പ് രോഗം തടയാന്‍ അടിയന്തര നടപടി: മന്ത്രി ജെ ചിഞ്ചു റാണി

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലുണ്ടായ കന്നുകാലികളുടെ കുളമ്പ് രോഗം തടയുന്നതിന് അടിയന്തര നടപടി സ്വീകരിച്ച് മന്ത്രി ജെ ചിഞ്ചു റാണി. കേരളത്തില്‍ മറ്റൊരിടത്തും രോഗവ്യാപനം ഉണ്ടാകാതിരിക്കാനും രോഗം ബാധിച്ച കന്നുകാലികള്‍ക്ക് യഥാസമയം ചികിത്സ ഉറപ്പാക്കാനും ഉന്നത ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.

കൂടാതെ കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് സഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു. അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ കന്നുകാലികളിൽ കുളമ്പ് രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം മന്ത്രി ജെ ചിഞ്ചു റാണി ഓണ്‍ലൈനായി വിളിച്ചു ചേർത്തത്.

ഈ താലൂക്കുകളില്‍ 885 കന്നുകാലികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. അതില്‍ ഏഴെണ്ണം ചത്തു. കൊവിഡ് പശ്ചാത്തലത്തില്‍ വാക്സിനേഷന്‍ എടുക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് രോഗം പടര്‍ന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നിട്ടുള്ള കന്നുകാലികളില്‍ നിന്നോ വാക്സിന്‍ പ്രതിരോധം നഷ്‌ടപ്പെട്ട കന്നുകാലികളില്‍ നിന്നോ ഉണ്ടായ രോഗവ്യാപനം മൂലമാണ് ക്ഷീര കര്‍ഷകരെ ദുരിതത്തിലാക്കിയ കുളമ്പ് രോഗം പടര്‍ന്നതെന്ന് യോഗം വിലയിരുത്തി.

കന്നുകാലികളെ ചികിത്സിക്കുന്ന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന്‍ ലഭ്യമാക്കും. രോഗം ബാധിച്ച കന്നുകാലികള്‍ക്ക് കാലിത്തീറ്റ സൗജന്യമായി നല്‍കാന്‍ പദ്ധതി തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ഡയറക്ടര്‍ ഡോ.കെ എം ദിലീപ്, ജില്ലയിലെയും സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News