ജാഗ്രതയോടെ സര്‍ക്കാരിനൊപ്പം നിന്ന ജനങ്ങള്‍ക്ക് അഭിനന്ദനം ; മുഖ്യമന്ത്രി

ജാഗ്രതയോടെ സര്‍ക്കാരിനൊപ്പം നിന്ന ജനങ്ങള്‍ക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പരിപൂര്‍ണമായ പിന്തുണയാണ് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ വലിയ നാശം വിതച്ച രണ്ടാം തരംഗത്തെ നമ്മുടെ നാട്ടില്‍ പിടിച്ചുനിര്‍ത്താന്‍ സഹായകമായ പ്രധാന ഘടകം.

അനേകം വിഷമതകളെ അതിജീവിച്ച് ദൃഢനിശ്ചയത്തോടെ സര്‍ക്കാരിനൊപ്പം നിന്നത് ജനങ്ങളാണ്. ഈ ജാഗ്രത കുറച്ചു നാളുകള്‍ കൂടെ ഇതേപോലെ കര്‍ശനമായ രീതിയില്‍ തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രണ്ടാമത്തെ കോവിഡ് തരംഗം പുതിയ ചില പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എത്രത്തോളം രോഗബാധ ഉയരാം, വൈറസുകളുടെ ജനിതക വ്യതിയാനം എന്തെല്ലാം ഭീഷണികളുയര്‍ത്താം, നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ അതിനനുസരിച്ച് എങ്ങനെ തയ്യാറെടുക്കണം, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങനെ വിന്യസിക്കണം, സാമൂഹ്യജാഗ്രത എത്തരത്തില്‍ പ്രായോഗികവല്‍ക്കരിക്കണം ഇങ്ങനെയുള്ള കാര്യങ്ങളില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ പുതിയ കോവിഡ് തരംഗത്തിന്റെ അനുഭവങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ട്.

മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള ശക്തമായ സാധ്യതകള്‍ നിലനില്‍ക്കേ ഈ അനുഭവങ്ങളെ വിശദമായി വിലയിരുത്തി കൂടുതല്‍ മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാര്‍ ഉടനടി ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബ്ലാക്ക് ഫംഗസ് എന്ന പേരില്‍ അറിയപ്പെടുന്ന മ്യൂകര്‍മൈകോസിസ് രോഗവുമായി ബന്ധപ്പെട്ട നിരവധി അശാസ്ത്രീയവും ഭീതിജനകവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. അത്തരത്തിലുള്ള ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. മ്യൂകര്‍മൈകോസിസ് വളരെ അപൂര്‍വമായ രോഗാവസ്ഥയാണ്.

മുന്‍പ് വിശദമാക്കിയതുപോലെ വളരെ ചുരുക്കം ആളുകളില്‍ മാത്രമാണ് ഈ രോഗം ബാധിക്കാറുള്ളത്. നിലവില്‍ കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രോഗികളുടെ എണ്ണം കൂടുതലായതിനാല്‍ ഒരു പക്ഷേ, മ്യൂകര്‍മൈകോസിസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്‌തേക്കാം.

ഗുരുതരമായ പ്രമേഹ രോഗമുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണുന്നത് എന്നതിനാല്‍ അവരെ കോവിഡ് ബാധിച്ചാല്‍ നല്‍കേണ്ട ചികിത്സാ മാനദണ്ഡങ്ങള്‍ കൃത്യമായി ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രമേഹ രോഗം നിയന്ത്രണ വിധേയമായി നിലനിര്‍ത്താനുള്ള പ്രത്യേക ശ്രദ്ധ രോഗികളുടെ ഭാഗത്തു നിന്നുമുണ്ടാവുകയും വേണം. മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News