
ലയണല്‍ മെസിയും ബാഴ്‌സലോണയുമായുള്ള കരാര്‍ അടുത്തമാസം 30 നാണ് അവസാനിക്കുക. ക്ലബ്ബിന്റെ ദയനീയ പ്രകടനത്തില്‍ മനസ്സ് മടുത്ത സൂപ്പര്‍ താരത്തിന് കരാര്‍ പുതുക്കുന്നതിന് താല്‍പര്യമില്ല. വരുന്ന സീസണില്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
സമീപകാലത്തൊന്നും ബാഴ്‌സലോണ ടീം ഇത്രയും നിലവാരത്തകര്‍ച്ച പ്രകടിപ്പിച്ചിട്ടില്ല. നടപ്പ് സീസണില്‍ സ്പാനിഷ് കിങ്‌സ് കപ്പ് ഒഴികെയുള്ള ടൂര്‍ണമെന്റുകളിലെല്ലാം ടീമിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ചാമ്പ്യന്‍സ് ലീഗിലും എന്തിനേറെ ലാ ലീഗയില്‍ വരെ ദയനീയ പ്രകടനങ്ങളിലൂടെ ആരാധകരെ കണ്ണീരണിയിപ്പിക്കുകയാണ് റൊണാള്‍ഡ് കൂമാന്‍ പരിശീലകനായ കറ്റാലന്‍ ക്ലബ്ബ്.
33കാരനായ താരത്തിന്റെ ബാഴ്‌സലോണയുമായുള്ള കരാര്‍ ജൂണ്‍ 30 ഓടെ അവസാനിക്കുമ്പോള്‍ പുതിയ കരാര്‍ ഒപ്പിടുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. കരാര്‍ പുതുക്കാന്‍ ക്ലബ്ബ് പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ട മുന്‍കയ്യെടുത്തിട്ടും മെസി വഴങ്ങുന്നില്ല.നടപ്പ് സീസണിലെ ബാഴ്‌സയുടെ ദയനീയ പ്രകടനമാണ് സൂപ്പര്‍ താരത്തെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
ബാഴ്സലോണ അനിവാര്യമായൊരു മാറ്റത്തിന്റെ വക്കിലാണെന്നും ഈ മാറ്റത്തോട് മുഖം തിരിച്ച് നില്‍ക്കാന്‍ ക്ലബ്ബിനാകില്ലെന്നും പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ട വ്യക്തമാക്കിയിരുന്നു. മെസിയുമായി ഏറെ അടുപ്പമുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റയിന്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയുമായി ബാഴ്‌സ കരാര്‍ ഒപ്പിട്ടിട്ടുണ്ട്.
ക്ലബ്ബ് വിടാന്‍ മെസി ഒരുങ്ങുമ്പോള്‍ അഗ്യൂറോയെ ടീമിലെത്തിച്ചത് മാനേജ്‌മെന്റിന്റെ ബുദ്ധിപൂര്‍വ്വമായ നീക്കമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എങ്കിലും വരുന്ന സീസണില്‍ ബാഴ്‌സലോണ വിട്ട് മറ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറാന്‍ മെസ്സി ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
മെസിയുടെ പുതിയ തട്ടകം ഏതാവുമെന്നതിനെ കുറിച്ചാണ് കാല്‍പന്ത് കളി ലോകത്ത് ഊഹാപോഹങ്ങള്‍ ഇപ്പോള്‍ കത്തിപ്പടരുന്നത്.കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ഉണ്ടായ വന്‍ തോല്‍വിക്ക് പിന്നാലെ ബാഴ്‌സ വിടാനുള്ള താല്പര്യം താരം തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ക്ലബ്ബ് ഇടപ്പെട്ട് അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. കരാറിലെ നിബന്ധനകളും നിയമപ്രശ്‌നങ്ങളും കാരണമായിരുന്നു അന്ന് മെസിക്ക് ബാഴ്‌സലോണ വിടാന്‍ സാധിക്കാതിരുന്നത്.
മെസിയുടെ കൂടുമാറ്റം വീണ്ടും സജീവമാകുമ്പോള്‍ പഴയ ബോസ് പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് സാധ്യതാ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്. അഗ്യൂറോ വരും സീസണില്‍ ഇല്ലെന്നിരിക്കെ മെസ്സിയെ ടീമിലെത്തിക്കാന്‍ സിറ്റിക്കും, പെപ്പിന് കീഴില്‍ ഇംഗ്ലണ്ടില്‍ കളിക്കാന്‍ മെസ്സിക്കും താല്‍പര്യമുണ്ട്.
ആഴ്ചയില്‍ നികുതി കിഴിച്ച് 50,000 ഡോളറാണ് മെസ്സി ക്ലബ്ബിനോടാവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ഇംഗ്ലീഷ് ദിനപത്രമായ ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി കരാറിനു തയ്യാറാവുകയാണെങ്കില്‍ ഒരുവര്‍ഷത്തേക്ക് 25 മില്യണ്‍ ഡോളര്‍ എന്ന ഭീമമായ തുകയ്ക്കായിരിക്കും അര്‍ജന്റീനിയന്‍ സൂപ്പര്‍താരം വരുന്ന സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ജഴ്‌സിയണിയുക.
ലയണല്‍ മെസിയുടെ യാത്ര മാഞ്ചസ്റ്ററിലേക്കാവുമെന്ന് ഉറപ്പിക്കുകയാണ് ഫുട്ബാള്‍ ലോകം.2008 മുതല്‍ 2012 വരെ ഗ്വാര്‍ഡിയോള പരിശീലകനായിരുന്ന കാലത്ത് പ്രഥമ സീസണിലെ ട്രിപ്പിള്‍ ഉള്‍പ്പെടെ, 14 കിരീടങ്ങളാണ് ബാഴ്‌സലോണ നേടിയത്.
മെസ്സിയുടെ വരവോടെ ആക്രമണം ശക്തമാവുന്നത് വരും സീസണില്‍ സിറ്റിയുടെ ചാമ്പ്യന്‍സ് ലീഗ് ഒരുക്കത്തില്‍ നിര്‍ണായകമാവുമെന്ന് ക്ലബ് മാനേജ്‌മെന്റും വിശ്വസിക്കുന്നു.താരസാന്നിധ്യത്തിനൊപ്പം മെസിയുടെ വിപണിമൂല്യവും ഇംഗ്ലീഷ് ക്ലബിന്റെ താല്‍പര്യത്തിന് പിന്നിലുണ്ട്.
സിറ്റി മെസിയുടെ ആവശ്യം അംഗീകരിച്ചാല്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി ബാഴ്‌സ നായകന്‍ മാറും. മാഞ്ചസ്റ്റര്‍ സിറ്റിക്ക് പുറമെ സ്വപ്ന സമാന ഓഫറുകളുമായി ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയും ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനും മെസിക്ക് പിന്നാലെയുണ്ട്.നിരവധി കിരീടങ്ങളിലേക്ക് കറ്റാലന്‍ ക്ലബ്ബിനെ നയിച്ച മെസി അടുത്ത സീസണിലും ടീമിലുണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. ഇക്കാര്യത്തിലെല്ലാം വ്യക്തത വരുത്തേണ്ടത് ലയണല്‍ മെസ്സിയാണ്.
ഏതായാലും വരും ദിവസങ്ങളില്‍ ഇതിഹാസതാരം മനസ്സുതുറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here