പകരം വെക്കാനില്ലാത്ത പച്ച :കലാമണ്ഡലം ഗോപിയാശാന്റെ ശതാഭിഷേക ദിനമാണിന്ന് 

കലാമണ്ഡലം ഗോപിയാശാന്റെ ശതാഭിഷേക ദിനമാണിന്ന്.  പ്രസിദ്ധ കഥകളി നടന്‍ കലാമണ്ഡലം ഗോപി ആശാന്റെ എൺപത്തിനാലാം പിറന്നാള്‍… കഥകളിയരങ്ങിന്റെ   ഗോപിക്കുറിയായി ഏവരും ആരാധിക്കുന്ന  കലാമണ്ഡലം ഗോപി ആശാൻ ആയിരം പൂർണ്ണ ചന്ദ്രനെ ദർശിച്ചതിന്റെ ശതാഭിഷേക ദിനമാണിന്ന്.

ആയിരത്തോളം വേദികളിൽ ആശാൻ കർണൻ ആയി …ആയിരത്തിൽ പരം നള -ബാഹുക വേഷങ്ങൾ ….അഭിനയ മികവിന്റെ പച്ചയിൽ ആസ്വാദകരെ  ആനന്ദിപ്പിച്ച  ഗോപി ആശാൻ. ആർട്ടിസ്റ്റ് നമ്പൂതിരി കലാമണ്ഡലം ഗോപിയുടെ വേഷഭംഗിയെപ്പറ്റി വിശേഷിപ്പിച്ചിരിക്കുന്നത് കേരളത്തിലെ ഏറ്റവും മനോഹരമായ അഞ്ചു കാഴ്ച്ചകളിൽ ഒന്ന് എന്നാണ്.

കഥകളിയിലെ ഏതാണ്ട്‌ എല്ലാ വേഷങ്ങളിലും ഗോപിയാശാൻ തിളങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പച്ച വേഷങ്ങളാണ്‌ കൂടുതൽ ആസ്വാദകപ്രശംസ നേടിയത്‌. കലാമണ്ഡലം ഗോപിയുടെ നളൻ  ഏറെ പ്രസിദ്ധമാണ്‌.

കലാമണ്ഡലം കൃഷ്‌ണൻനായർക്കും കലാമണ്ഡലം രാമൻകുട്ടി നായർക്കും ശേഷം കേരളം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയായാണ്‌ കലാമണ്ഡലം ഗോപി വാഴ്‌ത്തപ്പെടുന്നത്‌. കഥകളിയെ ജനപ്രിയമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച കലാകാരൻ.പൂർണത തികഞ്ഞ ‘നടന വിസ്മയം, എന്ന് കളിക്കമ്പക്കാർ ഒരേ സ്വരത്തിൽ പറയുന്ന കലാമണ്ഡലം ഗോപിയാശാൻ,ഏറ്റവും ആധുനികനായ കഥകളി നടൻ കൂടിയാണ് .എൺപത്തി നാലാം വയസ്സിലും തനിക്കു ശേഷം വന്ന മിക്ക നടൻമാരെക്കാളും ആധുനികൻ ഗോപി ആശാനാണ്‌. 

 1937ൽ  സാധാരണ കുടുംബത്തിൽ, വടക്കെ മണാളത്, എം. വി. ഗോവിന്ദൻ എന്നു വീട്ടുകാർ പേരിട്ട കൂട്ടി .പേരിട്ടത് ഗോവിന്ദൻ എന്നാണെങ്കിലും ഗോപി എന്ന വിളിപ്പേര് സ്വന്തമാക്കി മാറ്റിയ കുട്ടി നാറേരി മനയ്ക്കലെകളരിയിൽ തേക്കുംകാട്ടിൽ രാവുണ്ണിനായർക്കു ശിഷ്യപ്പെട്ടു കഥകളിചുവടുകൾ സ്വായത്തമാക്കി. കഥകളി ഭ്രാന്ത് മൂത്ത് കലാമണ്ഡലത്തിലെത്തി.നേരെ മഹാകവിയുടെ മുമ്പിൽ ചെന്നു പെട്ടു. ആരെയും വേഷം കെട്ടിച്ചു ചുവട് നോക്കി മാത്രം പ്രവേശനം നൽകുന്ന വള്ളത്തോൾ മഹാകവി ഒറ്റ നോട്ടത്തിൽ തന്നെ  കഥകളി പഠിക്കാൻ അനുമതി നൽകി.

നളന്റെയും, ബാഹുകന്റെയും, രുഗ്മാഗതന്റയും കർണ്ണന്റെയുമൊക്കെ ഒപ്പം ഗോപി എന്ന കഥകളി നടന്റെ പ്രയാണമാരംഭിച്ചു.നടന വിസ്മയങ്ങൾ അരങ്ങിൽ ഇടതടവില്ലാതെ തുദർന്നു .1958ൽ അവിടെ തന്നെ അദ്ധ്യാപകനുമായതോടെ ഗോപിയാശാനുമായി.രാവണൻ, കീചകൻ, ദുര്യോധനൻ തുടങ്ങിയ കത്തിവേഷങ്ങളും, സന്താന ഗോപാലത്തിലെ ബ്രാഹ്മണനുമൊക്കെ നന്നായി ഇണങ്ങുമെങ്കിലും പച്ചയായ് പകരുമ്പോഴാണ് ആ അഭിനയ മികവ് പൂർണ്ണതയിലെത്തുന്നത് എന്ന് കഥകളി കമ്പക്കാർ പറയും .

സുഭദ്രക്കൊപ്പം അർജുനനായി ഗോപിയാശാൻ

നളനായും, കർണ്ണനായും, രുഗ്മാങ്‌ഗതനാ യുമൊക്ക നിറഞ്ഞാടുമ്പോഴാണ് കഥകളി പ്രേമികളുടെ മനം നിറയുന്നത്. അർജുനൻ സുഭദ്രയെ പാണിഗ്രഹണം ചെയ്യുന്ന അപൂർവ സുന്ദരനിമിഷങ്ങൾ, അല്ലെങ്കിൽ നളദമയന്തി പുന:സ്സമാഗമത്തിന്റ സാഫല്യ നിമിഷങ്ങൾ ഇവയൊക്കെ ഗോപിആശാനിലൂടെ പൂർണ്ണത നേടുന്നത് കാണാൻ കാത്തിരിക്കുന്ന ആസ്വാദകർ.കഴിഞ്ഞ ഒരുവർഷമായി അരങ്ങിൽ എത്താൻ കഴിഞ്ഞിട്ടില്ല.കൊവിഡ് കാലം നൽകിയ ഇടവേള കവിതഎഴുതാൻ വിനിയോഗിക്കുകയാണ്.

ഭാരതസർക്കാർ  പത്മശ്രീ നൽകി ആദരിച്ചു. കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്‌, കേരള സംഗീത അക്കാദമി അവാർഡ്‌, കേരള കലാമണ്ഡലം അവാർഡ്‌ എന്നിവയും ലഭിച്ചിട്ടുണ്ട്‌.

ചില സിനിമകളിലും കലാമണ്ഡലം ഗോപി വേഷമിട്ടിട്ടുണ്ട്‌. ഷാജി എൻ കരുണിന്റെ വാനപ്രസ്ഥം, ജയരാജിന്റെ ശാന്തം, ലൗഡ്‌സ്‌പീക്കർ എന്നിവയിൽ ശ്രദ്ധേയമായ വേഷമായിരുന്നു ഇദ്ദേഹം കൈകാര്യം ചെയ്തത്. ചന്ദ്രികയാണ് പത്നി. ജയരാജ്,രഘുരാജ് എന്നി മക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here