വരും ദിനങ്ങൾ വി ഡി സതീശനും പ്രതിപക്ഷത്തിനും നിർണായകമാണ്: ജോൺ ബ്രിട്ടാസ് എം പി

നിയുക്ത പ്രതിപക്ഷനേതാവ് വിഡി സതീശന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് ജോൺ ബ്രിട്ടാസ് എം പി .പുതിയൊരു രാഷ്ട്രീയ സംസ്കാരം കേരളത്തിൽ കൊണ്ടുവരാൻ പുതിയ പ്രതിപക്ഷ നേതാവ് ശ്രമിക്കണം. വ്യക്തിഹത്യക്കും കുടുംബഹത്യക്കും വിഴുപ്പലക്കലുകൾക്കും അപ്പുറം ആരോഗ്യകരമായ രാഷ്ട്രീയ സംവാദത്തിന്റെ ഇടമാക്കി കേരളത്തെ മാറ്റണം.ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് വ്യക്തിപരമായ കാര്യങ്ങളിലേക്കും കുടുംബാംഗങ്ങളിലേക്കും പോകുന്ന ചർച്ചകൾക്ക് അറുതി വരുത്തണമെന്നും ജോൺ ബ്രിട്ടാസ്.

കുറിപ്പ് ഇങ്ങനെ :

ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറത്ത് വിഡി സതീശനെ പ്രതിപക്ഷനേതാവ് ആക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം ചൂടുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണല്ലോ.സതീശനെ എനിക്ക് പതിറ്റാണ്ടുകളായി അറിയാം. മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നേതാവിനും ഇടയിലുള്ള പരിചയത്തിനുമപ്പുറമുള്ള ഇഴയടുപ്പം ഞങ്ങൾ തമ്മിലുണ്ട്.കണ്ടുമുട്ടലിലോ ഫോൺ സംഭാഷണങ്ങളിലോ പലപ്പോഴും ആശയങ്ങൾ കൈമാറാറുമുണ്ട്. അദ്ദേഹത്തിൻറെ നിയമസഭയിലെ പ്രകടനങ്ങൾ ഏവരും ശ്രദ്ധിച്ചിട്ടുള്ളതുമാണ്. രണ്ടാഴ്ച മുൻപ് സതീശനുമായി ഫോണിൽ സംസാരിച്ചപ്പോൾ അദ്ദേഹം പ്രതിപക്ഷ നേതാവാകും എന്ന എൻറെ തോന്നൽ അറിയിച്ചിരുന്നു. കടുത്ത പ്രതിസന്ധിയിലായ കോൺഗ്രസിന് ഇത്തരത്തിലുള്ള ഔട്ട് ഓഫ് ബോക്സ് തീരുമാനം അനിവാര്യമാണെന്നായിരുന്നു എൻറെ നിഗമനം.

ചുണ്ടിനും കപ്പിനും ഇടയിൽ പലതും തെന്നിമാറിയ അനുഭവമുള്ള സതീശൻ ഇക്കാര്യത്തിൽ പ്രതീക്ഷിക്കപ്പുറത്ത് മറ്റൊരു ഭാവവും പ്രകടിപ്പിക്കാൻ തയ്യാറായില്ല.വി ഡി സതീശൻ പ്രതിപക്ഷ നേതാവാകുമെന്ന എൻറെ തോന്നലിന് കാരണങ്ങൾ പലതായിരുന്നു.വൻ പതനത്തിന് വഴിവെച്ച ഒരു നേതൃത്വത്തെ അവർ എത്ര ശ്രേഷ്ഠരായാലും മുന്നോട്ടുകൊണ്ടുപോകുന്നത് ബുദ്ധിയല്ലെന്ന് കോൺഗ്രസുകാർ തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു.

ദേശീയ അടിസ്ഥാനത്തിൽ സോണിയ- രാഹുൽ ഗാന്ധി നേതൃത്വം സൃഷ്ടിക്കുന്ന ‘Fatigue’ ഘടകം എത്ര ശക്തമാണെന്ന് നമുക്കെല്ലാം അറിയാമല്ലോ. കേരളത്തിലെ കോൺഗ്രസുകാർക്ക് പുതു പ്രതീക്ഷകൾ എങ്കിലും നൽകണം. അല്ലെങ്കിൽ വായും പിളർന്ന് കാത്തിരിക്കുന്ന ബിജെപിയിലേക്ക് പലരും ആകർഷിക്കപ്പെട്ടേയ്ക്കാം. എന്തായാലും ചുമരെഴുത്ത് കോൺഗ്രസ് നേതൃത്വം ഇക്കുറിയെങ്കിലും വായിച്ചെടുത്തതിൽ സന്തോഷം.അത് കോൺഗ്രസിൽ സൃഷ്ടിക്കാൻ പോകുന്ന മറ്റു പ്രതിസന്ധികൾ എന്തൊക്കെയായിരിക്കും എന്ന് പിന്നീട് ചർച്ച ചെയ്യാം.

വി ഡി സതീശനുമായി എൻറെ തോന്നൽ പങ്കുവെച്ചതിലേക്ക് മടങ്ങാം.അന്ന് ഒരു കാര്യം അദ്ദേഹത്തോട് ഞാൻ പറഞ്ഞിരുന്നു. പുതിയൊരു രാഷ്ട്രീയ സംസ്കാരം കേരളത്തിൽ കൊണ്ടുവരാൻ പുതിയ പ്രതിപക്ഷ നേതാവ് ശ്രമിക്കണം. വ്യക്തിഹത്യക്കും കുടുംബഹത്യക്കും വിഴുപ്പലക്കലുകൾക്കും അപ്പുറം ആരോഗ്യകരമായ രാഷ്ട്രീയ സംവാദത്തിന്റെ ഇടമാക്കി കേരളത്തെ മാറ്റണം.ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് വ്യക്തിപരമായ കാര്യങ്ങളിലേക്കും കുടുംബാംഗങ്ങളിലേക്കും പോകുന്ന ചർച്ചകൾക്ക് അറുതി വരുത്തണം. സതീശനും ഇക്കാര്യത്തിൽ എന്നോട് പൂർണമായും യോജിക്കുകയാണ് ചെയ്തത്. വരും ദിനങ്ങൾ സതീശനും പ്രതിപക്ഷത്തിനും നിർണായകമാണ് തിളങ്ങാനുള്ള ഒരുപാട് അവസരങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നു സതീശന് ഒരിക്കൽ കൂടി ആശംസകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News