കണ്ണൂർ ജില്ലാ പഞ്ചായത്തിനെതിരെ രാഷ്ടീയ പകപോക്കലുമായി കണ്ണൂർ കോർപ്പറേഷൻ മേയർ

കണ്ണൂർ ജില്ലാ പഞ്ചായത്തിനെതിരെ രാഷ്ടീയ പകപോക്കലുമായി കണ്ണൂർ കോർപ്പറേഷൻ മേയർ. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന് 13 ലക്ഷം രൂപ നികുതി കുടിശ്ശിക നോട്ടീസ് അയച്ചാണ് മേയറുടെ രാഷ്ടീയക്കളി. സർക്കാർ ഉത്തരവിന് എതിരായി ചട്ടവിരുദ്ധമായാണ് കണ്ണൂർ കോർപ്പറേഷൻ നോട്ടീസ് അയച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പ്രതികരിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ 3025/2017 നമ്പർ ഉത്തരവ് പ്രകാരം നഗരസഭ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്, നഗര സഭ കെട്ടിടങ്ങളെ കെട്ടിട നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ ഉത്തരവ് മറികടന്നാണ് യു ഡി എഫ് ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷൻ ജില്ലാ പഞ്ചായത്തിന് നോട്ടിസ് അയച്ചത്.കോർപ്പറേഷൻ ഭരണം യുഡിഎഫിന് ലഭിച്ചതിന് പിന്നാലെ തുടർച്ചയായി ജില്ലാ പഞ്ചായത്തിനെതിരെ ഇത്തരം നീക്കങ്ങളാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹോട്ടലിൽ കോർപ്പറേഷൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് അയച്ച് ഹോട്ടൽ അടച്ച് പൂട്ടാൻ ശ്രമിച്ചു. ജില്ലാ പഞ്ചായത്തിൻ്റെ അധികാരങ്ങളിൽ കടന്ന് കയറിയാണ് മേയർ ടി ഒ മോഹനൻ്റെ രാഷ്ട്രീയക്കളിയെന്നും കോർപ്പറേഷൻ്റെ തെറ്റായ നീക്കങ്ങൾക്കെതിരെ സർക്കാറിന് പരാതി നൽകിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു

കൊവിഡ് ബാധിച്ച് മരിച്ചവരെ പയ്യാമ്പലത്ത് സംസ്കരിക്കുന്നതിൽ നിന്നും സന്നദ്ധ സംഘടനയായ ഐ ആർ പി സിയെ ഒഴിവാക്കിയ മേയറുടെ നടപടിയും പ്രതിഷേധം ഉയർത്തിയിരുന്നു. കൊ വിഡ് പ്രതിരോധത്തിനായി തദ്ദേശ സ്ഥാപനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോഴാണ് കണ്ണൂർ കോർപ്പറേഷൻ ഇത്തരം നടപടികൾ തുടരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here