സംസ്ഥാന കോണ്‍ഗ്രസില്‍ പിടിമുറുക്കി കെ.സി. വേണുഗോപാല്‍ ; വിഡി സതീശന്‍ പ്രതിപക്ഷ നേതാവായതിന്‍റെ ഞെട്ടല്‍മാറാതെ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും

സംസ്ഥാന കോണ്‍ഗ്രസില്‍ പിടിമുറുക്കി കെ.സി. വേണുഗോപാല്‍.  എല്ലാ അതൃപ്ത വിഭാഗത്തെയും ഒപ്പം കൂട്ടാന്‍ കെ.സി.വേണുഗോപാല്‍ ശ്രമം തുടങ്ങി. കെപിസിസി അധ്യക്ഷനും ഉടന്‍ മാറുമെന്നാണ് സൂചന. ഗ്രൂപ്പ് മാനേജര്‍മാരെ അതിജീവിക്കാനാകാതെ പ്രയാസപ്പെട്ടാണ് കെപിസിസി അധ്യക്ഷ പദവി രാജിവയ്ക്കേണ്ടി വന്നതെന്ന് വി.എം.സുധീരന്‍ വ്യക്തമാക്കി.

സതീശന്‍ തലസ്ഥാനത്തെത്തി ആദ്യം കണ്ടത് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ. ഇതിനുശേഷമാണ് സതീശന്‍ ഇന്ദിരാ ഭവനില്‍ പോലും കയറിയത്. ഇതു നല്‍കുന്ന സന്ദേശം വ്യക്തം. ഗ്രൂപ്പിന് അതീതമായി പാര്‍ട്ടിയില്‍ പിടിമുറുക്കുകയാണ് കെ.സി.വേണുഗോപാല്‍.  ചിതറികിടക്കുന്ന ഐ വിഭാഗത്തെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ഉത്തരവാദിത്തമാണ് വി ഡി സതീശന് പുതിയ പദവിയിലൂടെ  വേണുഗോപാല്‍ നല്‍കുന്നത്.

ഗ്രൂപ്പുകള്‍ പാര്‍ട്ടിയില്‍ അപ്രസക്തമാകില്ലെന്ന്  സമ്മതിക്കുന്ന കെ.സി. വേണുഗോപാല്‍ പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്തുന്നതിലും ഉമ്മന്‍ചാണ്ടി ചെന്നിത്തല സമവാക്യം പൊളിക്കുമെന്ന സൂചന നല്‍കുന്നു. ഗ്രൂപ്പിന് അതീതമായ അതൃപ്തനിര ഇതിനകം വിഡി സതീശന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

കെ.കരുണാകരന്റെ കാലത്ത് കേരളത്തില്‍ ശക്തമായിരുന്ന ഐ വിഭാഗത്തിന്റെ കൂട്ടായ്മയാണ് കെ.സി.വേണുഗോപലിന്റെ ലക്ഷ്യം.  ഭിന്ന നിലപാടുമായി നില്‍ക്കുന്ന കെ.മുരളീധരനെയും കെ.സുധാകരനെയും ഒപ്പം നിര്‍ത്തുക.  ഒപ്പം ഗ്രൂപ്പിന് അതീതമായി തലമുറ മാറ്റം പ്രതീക്ഷിക്കുന്ന കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയും കെ.സി ലക്ഷ്യമിടുന്നുണ്ട്.

പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി ചെന്നിത്തല ദ്വയങ്ങളെ അപ്രസക്തമാക്കി കെ.സി. വേണുഗോപാലിന്റെ കൈപ്പിടയിലേക്ക് കോണ്‍ഗ്രസ് രാഷ്ട്രീയം കളം മാറുന്നൂവെന്നതാണ് വസ്തുത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here