ADVERTISEMENT
ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് രണ്ട് ദിവസം മുമ്പ് ലഭിച്ചിട്ടും ബാര്‍ജ് തീരത്തേക്കെത്തിക്കാത്തതാണ് വന്‍ ദുരന്തത്തിന് കാരണമായതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളി യുവാവ്. ബാര്‍ജ് തീരത്തേക്കെത്തിക്കാന്‍ ക്യാപ്റ്റന്‍ തീരുമാനമെടുത്തിരുന്നെങ്കില്‍ ദുരന്തമൊഴിവാകുമായിരുന്നു.
അപകട സാധ്യത മുന്നില്‍ക്കണ്ട് മറ്റു ബാര്‍ജുകളെല്ലാം നേരത്തെ തീരത്തേക്ക് മടങ്ങിയിരുന്നുവെന്നും പാലക്കാട് കുണ്ടളശ്ശേരി സ്വദേശി പ്രണവ് പറഞ്ഞു. മണിക്കൂറുകളോളം മരണത്തെ മുഖാമുഖം കണ്ട് കടലില്‍ കഴിഞ്ഞ ശേഷമാണ് രക്ഷാ പ്രവര്‍ത്തകരെത്തി രക്ഷപ്പെടുത്തിയതെന്നും പ്രണവ് കൈരളി ന്യൂസിനോട് പറഞ്ഞു.
അതേസമയം മുംബൈ ബാര്‍ജ് അപകടത്തില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. കണ്ണൂര്‍, എരുവശ്ശേരി സ്വദേശി സനീഷ് ജോസഫ്, പാലക്കാട് തോലന്നൂര്‍ സ്വദേശി സുരേഷ് കൃഷ്ണന്‍ എന്നിവര്‍ മരിച്ചതായാണ് സ്ഥിരീകരിച്ചത്. ഇതോടെ ബാര്‍ജ് അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളികളുടെ എണ്ണം ഏഴ് ആയി.
സുരേഷ് കൃഷ്ണന്റെ മൃതദേഹം ഇന്ന് മുംബൈയില്‍ സംസ്‌കരിക്കും. പി 305 ബാര്‍ജിലെ മാത്യൂസ് അസോസിയേറ്റ് കോണ്‍ട്രാക്ട് കമ്പനിയിലെ പ്രൊജക്ട് മാനേജരായിരുന്നു സുരേഷ്. 22 വര്‍ഷം ഈ സ്ഥാപനത്തില്‍ ജോലി ചെയ്തു. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് സുരേഷ് കൃഷ്ണന്‍ മരിച്ചത്. മരിച്ച സനീഷ് ജോസഫിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
അപകടത്തില്‍ ഇതുവരെ 70 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ക്കായി മുംബൈ പൊലീസ് ഡിഎന്‍എ പരിശോധന ആരംഭിച്ചു. അപകടത്തില്‍ പെട്ട പി 305 ബാര്‍ജ്, വരപ്രദ ടഗ് ബോട്ട് എന്നിവയില്‍ നിന്നായി ഇനിയും 14 പേരെ കണ്ടെത്താനുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ തെരച്ചിലില്‍ മുങ്ങിയ പി 305 ബാര്‍ജ് കണ്ടെത്തി. നാവിക സേനയുടെ ഐ എന്‍ എസ് മഗര്‍ കപ്പല്ഡ സോണാര്‍ സാങ്കേതിക സംവിധാനം ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് കടലിന്റെ അടിത്തട്ടില്‍ ബാര്‍ജിന്റെ സ്ഥാനം തിരിച്ചറിഞ്ഞത്.
Get real time update about this post categories directly on your device, subscribe now.