നിയന്ത്രണങ്ങള്‍ ഫലപ്രദം ; എറണാകുളത്ത് കൊവിഡ് വ്യാപനം കുറയുന്നു

ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഫലമായി ജില്ലയിലെ കൊവിഡ് രോഗസ്ഥിരീകരണത്തില്‍ ഒരാഴ്ച തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തി. ഈ കാലയളവില്‍ രോഗമുക്തി നിരക്ക് 82 ശതമാനമായി ഉയര്‍ന്നു.

ഒരാഴ്ചക്കുള്ളില്‍ നിരക്ക് 90 ശതമാനമായി ഉയരുമെന്നും ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി കുറവ് ഉണ്ടാകുന്നുണ്ട്.

ശാസ്ത്രീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിലെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കും. തൃക്കാക്കര, തൃപ്പുണിത്തുറ മുന്‍സിപ്പാലിറ്റികള്‍ക്ക് പുറമേ പിറവം, പറവൂര്‍ മുന്‍സിപ്പാലിറ്റികളിലും കോവിഡ് വ്യാപനം കൂടുന്നതായി ആരോഗ്യ വിഭാഗം അറിയിച്ചു. രോഗസ്ഥിരീകരണം കൂടുന്ന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.

ബ്ലാക്ക്ഫംഗസ് ബാധ അഥവാ മ്യൂക്കര്‍മൈക്കോസിസ് രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എറണാകുളം ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് പ്രത്യേക ചികിത്സാ സംഘത്തിന് രൂപം നല്‍കി. അടുത്ത ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലായി കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുവാനും യോഗത്തില്‍ തീരുമാനിച്ചു.

ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍, പോലീസ്, ആരോഗ്യവകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here