പ്രതിസന്ധികള്‍ക്കിടയിലും നേട്ടങ്ങള്‍ കൈവരിച്ച് കുടുംബശ്രീ

2020-21 സാമ്പത്തിക വര്‍ഷം കുടുംബശ്രീയെ സംബന്ധിച്ചും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. കൊവിഡ് മഹാമാരിയും അതുമായി ബന്ധപ്പെട്ട ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ കൊവിഡിനെതിരേയുള്ള പോരാട്ടത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങളുമായിരുന്നു കുടുംബശ്രീ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ അതോടൊപ്പം തന്നെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനും കുടുംബശ്രീയ്ക്ക് കഴിഞ്ഞു. നിരവധി ശ്രദ്ധേയമായ നേട്ടങ്ങള്‍ 2020-21 സാമ്പത്തിക വര്‍ഷം കൈവരിക്കാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞു.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 1007 ജനകീയ ഹോട്ടലുകളാണ് കുടുംബശ്രീയുടെ ആരംഭിച്ചത്. ഈ ഹോട്ടലുകളുകളില്‍ നിന്ന് ദിവസേന ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് 20 രൂപയുടെ ഉച്ചയൂണ് നല്‍കി വരുന്നത്. കുടുംബശ്രീ മുഖേന നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി മുഖേന കോവിഡ് പ്രതിസന്ധിയില്‍പ്പെട്ടുഴറിയ 25.17 ലക്ഷം കുടുംബങ്ങള്‍ക്ക് 1917.55 കോടി രൂപ പലിശരഹിത വായ്പയായും ലഭ്യമാക്കി.

കൊവിഡ് വ്യാപനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ എത്തിച്ച് നല്‍കുന്നതിനുള്ള വിജയമാതൃകയായിത്തീര്‍ന്ന തദ്ദേശ സ്ഥാപനതല റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ക്ക് സുപ്രധാന പിന്തുണയേകുന്നതും കുടുംബശ്രീയാണ്.

മാസ്‌ക്- സാനിട്ടൈസര്‍ നിര്‍മ്മാണം, ഓണ്‍ലൈന്‍ പഠന സഹായത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ ലഭ്യമാക്കുന്നതിന് കെ.എസ്.എഫ്.ഇയുമായി ചേര്‍ന്ന് വിദ്യാശ്രീ ചിട്ടി പദ്ധതി നടത്തിപ്പ്, ബ്രേക്ക് ദ ചെയിന്‍ ക്യാമ്പെയ്നിലൂടെയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, ലോക്ഡൗണ്‍ കാലയളവില്‍ വയോജനങ്ങള്‍ക്കും അഗതി കുടുംബങ്ങള്‍ക്കുമേകിയ പിന്തുണ, ബഡ്സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ വിവിധ സേവനങ്ങള്‍ എന്നിവ നേട്ടങ്ങളില്‍ ഉള്‍പ്പെടും.

കൊവിഡ് മഹാമാരിയുടെ തീവ്രതയേറിയ ഘട്ടത്തില്‍ നടത്തിയ ഈ ഇടപെടലുകള്‍ക്കുപരി ഒരു ഉപജീവന ദൗത്യമെന്ന നിലയിലേക്ക് കുടുംബശ്രീ വളര്‍ന്നു. 50,000ത്തിലേറെ സ്വയം തൊഴിലവസരങ്ങളാണ് കുടുംബശ്രീ മുഖേന സൃഷ്ടിച്ചത്. സൂക്ഷ്മ സംരംഭങ്ങള്‍ കൂടാതെ 63,999 കുടുംബശ്രീ കൃഷി സംഘങ്ങളുടെ ഭാഗമായ കര്‍ഷകര്‍ കാര്‍ഷികവൃത്തിയില്‍ സജീവമായി സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിക്ക് മികച്ച പിന്തുണയുമേകി.

മൂല്യവര്‍ദ്ധന ശൃംഖല സൃഷ്ടിക്കുന്നതിന് 1000ത്തിലധികം കാര്‍ഷിക സംരംഭങ്ങളും ആരംഭിച്ചു. 971 തദ്ദേശ സ്ഥാപനങ്ങളില്‍ കുടുംബശ്രീ സംരംഭമെന്ന നിലയില്‍ ഹരിതകര്‍മ്മസേനകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ കുടുംബശ്രീയിലൂടെ നടപ്പിലാക്കി വരുന്ന മറ്റെല്ലാ കേന്ദ്ര പദ്ധതികളും പ്രതിസന്ധികള്‍ക്കിടയിലും മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News