ADVERTISEMENT
അതിശക്തമായ ശീതക്കാറ്റിലും മഴയിലും കുടുങ്ങി മാരത്തോണിനിടെ ചൈനയിലെ 21 കായികതാരങ്ങള്‍ കൊല്ലപ്പെട്ടു. 100 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി മൗണ്ടന്‍ റേസില്‍ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടതെന്ന് ചൈന അറിയിച്ചു.
കാറ്റിലും മഴയിലും പെട്ട് കാണാതായവരെ അന്വേഷിച്ചെത്തുമ്പോഴേക്കും പലരും കഠിനമായ തണുപ്പ് മൂലം മരവിച്ചു മരിച്ച നിലയിലായിരുന്നെന്നും ഔദ്യോഗിക മാധ്യമമായ സി.സി.ടി.വി അറിയിച്ചു. ചൈനയിലെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ഗാന്‍സു പ്രവിശ്യയിലാണ് ശനിയാഴ്ച അപ്രതീക്ഷിതമായ കൊടും ശൈത്യവും മഴയുമുണ്ടായത്.
ബൈയിന്‍ നഗരത്തിനടുത്തുള്ള യെല്ലോ റിവര്‍ സ്‌റ്റോണ്‍ ഫോറസ്റ്റിലാണ് ക്രോസ് കണ്‍ട്രി റേസ് നടക്കുന്നത്. റേസിലെ 100 കിലോമീറ്ററിലെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളിലൊന്നാണ് ഗാന്‍സു. മത്സരത്തിനിടെ ഇവിടെയെത്തിയിരുന്ന അത്‌ലറ്റുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ശനിയാഴ്ച ഉച്ചയോടെ റേസിലെ 20 – 30 കിലോമീറ്റര്‍ ഭാഗം വരുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ പെട്ടെന്ന് അപകടകരമായ കാലാവസ്ഥ രൂപപ്പെടുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ അവിടെ ആലിപ്പഴം വീഴുകയും ഐസ് കഷ്ണങ്ങള്‍ നിറഞ്ഞ മഴ പെയ്യുകയും ചെയ്തു.
ഇതിനൊപ്പം ശക്തമായ കാറ്റും വീശാന്‍ തുടങ്ങിയതോടെ താപനില അപകടകരമാം വിധം കുറഞ്ഞുപോയിയെന്ന് ബൈയിന്‍ മേയറായ ഴാങ് ഷുചെന്‍ പറഞ്ഞു.കാലാവസ്ഥ മാറ്റത്തെ കുറിച്ച് ചില മത്സരാര്‍ത്ഥികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരെ അയച്ചെങ്കിലും ആ പ്രദേശത്ത് നിന്നും 18 പേരെ മാത്രമാണ് രക്ഷിക്കാനായതെന്നും മേയര്‍ പറഞ്ഞു.
പരിക്കേറ്റ എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരുടെ നില ഗുരുതരമല്ലെന്നും അദ്ദേഹം അറിയിച്ചു.172 പേരായിരുന്നു റേസില്‍ പങ്കെടുത്തത്. ഇതില്‍ 151 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.