ജൂൺ മുതൽ വിപണി വീണ്ടും തുറക്കാൻ അനുവദിക്കണമെന്ന് മുംബൈയിലെ ചില്ലറ വ്യപാരികൾ

മുംബൈയിൽ  ഏപ്രിൽ മാസത്തിൽ  ഉണ്ടായ  വലിയ വർധനവിന് ശേഷം ഒരു മാസം പിന്നിടുമ്പോൾ കോവിഡ് പ്രതിദിന കേസുകളിൽ വലിയ കുറവാണ്  റിപ്പോർട്ട് ചെയ്യുന്നത്. 55 ദിവസത്തിലേറെയായി  പ്രാബല്യത്തിൽ തുടരുന്ന ലോക്ക് ഡൌൺ  വലിയ  സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന്  ചെറുകിട വ്യാപാരികൾ പരാതിപ്പെടുന്നു.

മുംബൈയിൽ ദിവസേനയുള്ള കോവിഡ് -19 കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യം കണക്കിലെടുത്ത്  ജൂൺ മുതൽ കടകൾ വീണ്ടും തുറക്കാൻ അനുവദിക്കണമെന്നാണ്  റീട്ടെയിൽ ഷോപ്പ് ഉടമകൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത്.

രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്   ഘട്ടം ഘട്ടമായി ജൂൺ 1 മുതൽ  കടകൾ വീണ്ടും തുറക്കാൻ അനുവദിക്കണമെന്നാണ്   മഹാരാഷ്ട്ര സർക്കാരിനോട്  വ്യാപരികൾ  അഭ്യർത്ഥിക്കുന്നത്.

“ഞങ്ങളുടെ വരുമാനവും നിരവധി പേരുടെ  ജോലിയും  നഷ്ടപ്പെട്ടു.  മഹാരാഷ്ട്രയിൽ ഉടനീളമുള്ള  ചെറുകിട വ്യാപാരികളുടെ കച്ചവട സ്ഥാപനങ്ങൾ  ജൂണിൽ  പുനരാരംഭിക്കാൻ  അനുവദിക്കുമെന്ന ഏക പ്രതീക്ഷയിലാണ് ”  ഫെഡറേഷൻ ഓഫ് റീട്ടെയിൽ ട്രേഡേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് വീരൻ ഷാ പറഞ്ഞു.  തങ്ങളുടെ എല്ലാ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ശരിയായ മുൻകരുതലും സുരക്ഷയും  ഉറപ്പാക്കുമെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

മെയ് അവസാനത്തോടെ മഹാരാഷ്ട്രയിലെ 13 ലക്ഷം കടകളിലായി 70,000 കോടി രൂപയുടെ വലിയ നഷ്ടമാണ്  നേരിടേണ്ടി വരികയെന്ന് ഫെഡറേഷൻ അറിയിച്ചു. 55 ലക്ഷം പേരുടെ  ജോലികൾ പ്രതിസന്ധിയിലാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here