ജനനായകന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍ ; തുടര്‍ഭരണ ശോഭയില്‍ പിറന്നാള്‍ ദിനം

കേരളത്തിന്റെ ജനനായകന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍. ഈ പിറന്നാളില്‍ ഭരണത്തുടര്‍ച്ചയെന്ന നേട്ടവുമായാണ് കേരളത്തിന്റെ ക്യാപ്റ്റന്‍ ഇന്ന് നിയമസഭയിലെത്തുക. വലിയ ആഘോഷങ്ങളൊന്നുമില്ലാത്ത തിരക്കുപിടിച്ച മറ്റൊരു ദിവസം മാത്രമാണ് അദ്ദേഹത്തിന് ഇന്ന്.

ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും വലിയ ആഘോഷമെന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ്കാരന്റെ പ്രതിബദ്ധതയുടെ മറ്റൊരുദിനമല്ലാതെ മറ്റെന്താണ്. പ്രതിസന്ധികളുടെ പേമാരികളിലും പിണറായി വിജയനിലെ ഭരണാധികാരി തെളിച്ചവഴി ലോകത്തിനിന്നും പാഠപുസ്തകമാണ്. കേരളത്തിന്റെ കിനാവുകള്‍ ഒന്നൊന്നായി നെയ്‌തെടുത്ത ഉജ്വല ഭരണത്തിന്റെ നായകന്‍. ഈ നായകത്വത്തിലെ കരുത്തും കരുതലും മലയാളി ഏറ്റവും അടുത്ത് സ്പര്‍ശിച്ചകാലം കടന്നുപോയതേയുള്ളൂ.

ഒരു പൂവിരിപ്പാതയും പുഷ്പവൃഷ്ടിയും കൊതിച്ചായിരുന്നില്ല പിണറായി കമ്മ്യൂണിസ്റ്റായത്. ചോരയും നീരും പൊടിഞ്ഞ വിപ്ലവവഴികളിലൂടെ അധികാര രാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പ്പ് കൃത്യതയാര്‍ന്ന ഭരണ നിര്‍വ്വഹണത്തിന്റെ ഉത്തമ ഉദാഹരണമായി ചരിത്രം കാത്തുസൂക്ഷിക്കും. ജനാധിപത്യം ചക്രശ്വാസം വലിക്കുന്ന കാലത്താണ് ജനാധിപത്യമൂല്യങ്ങളുടെ ആള്‍രൂപമായി ഒരു മനുഷ്യന്‍ ഒരു ജനതയ്ക്ക് കാവലായത്.

അണമുറിയാതെ ഒരു അശനിപാതം പോലെ പെയ്തിറങ്ങിയ പ്രതിസന്ധികളോട് പിണറായിക്ക് പിറകില്‍ നിന്ന് പൊരുതിയ ഈ ജനതയെ ലോകം അത്ഭുതത്തോടെയും ആശ്ചര്യത്തോടെയുമാണ് നോക്കിയത്. ജനഹൃദയങ്ങളിലെ ജനനായകന്‍ ആരെന്ന ചോദ്യത്തിന് മലയാളി തെരഞ്ഞെടുപ്പിലൂടെയാണ് മറുപടി നല്‍കിയത്. പ്രതിസന്ധികാലത്ത് തങ്ങളുടെ വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്കായി ഒരുജനതയുടെ കാത്തിരിപ്പാണ് ഒരു ജനനായകനില്‍ അവര്‍ അര്‍പ്പിച്ച ഉറപ്പിന്റെ നേര്‍സാക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here