ബാര്‍ജ് ദുരന്തത്തില്‍ നിന്നും അത്ഭുതകാരമായി രക്ഷപ്പെട്ട യുവാവിന് ആശ്വാസവുമായി മന്ത്രി വി എന്‍ വാസവന്‍

ബാര്‍ജ് ദുരന്തത്തില്‍ നിന്നും അത്ഭുതകാരമായി രക്ഷപ്പെട്ട യുവാവിന് ആശ്വാസവുമായി മന്ത്രി വി എന്‍ വാസവന്‍. ഞായറാഴ്ച വൈകുന്നേരമാണ് അതിരമ്പുഴ സ്വദേശിയായ മെബിന്‍ എബ്രഹാമിന്റെ വീട്ടില്‍ മന്ത്രി നേരിട്ടത്തിയത്. സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായവും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

ശനിയാഴ്ച പുലര്‍ച്ചെയാണ് മുംബൈയില്‍നിന്നും ട്രെയിന്‍ മാര്‍ഗം മേബിന്‍ നാട്ടിലെത്തിയത്. വലിയ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടതിന്റെ നടുക്കത്തിലാണ് മേബിന്‍ ഇപ്പോഴും. ജീവന്‍ രക്ഷിക്കാന്‍ ലൈഫ് ജാക്കറ്റ് ധരിച്ച് ആഴക്കടലില്‍ 14 മണിക്കൂറോളം മേബിനു കഴിയേണ്ടി വന്നു. മരണത്തെ തൊട്ടു മുന്നില്‍ കണ്ട ദുരന്ത നിമിഷങ്ങള്‍ മേബിന്‍ മന്ത്രി വി. എന്‍ വാസവനോട് വിവരിച്ചു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഇവര്‍ക്ക് വേണ്ട സഹായം അടിയന്തിരമായി നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും. സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായവും ചെയ്തു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും അത് അവഗണിച്ചതാണ് അപകടത്തിന് കാരണമായത്. അപകടത്തില്‍ രക്ഷപ്പെട്ടവരുടെ നട്ടപ്പെട്ട പാസ്‌പോര്‍ട്ടും, അനുബന്ധ രേഖകളും ലഭ്യമാക്കുന്നതിന് വേണ്ട സഹായം സര്‍ക്കാര്‍ തലത്തിലുള്ളവ ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാഴിക്കാടന്‍ എംപി, സിപിഐ എം ഏറ്റുമാനൂര്‍ ഏരിയാ സെക്രട്ടറി കെ എന്‍ വേണുഗോപാല്‍, അതിരമ്പുഴ ലോക്കല്‍ സെക്രട്ടറി പി എന്‍ സാബു, എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here