26-ാം വയസ്സിൽ നിയമസഭാംഗമായി.ഇന്ന് 76-ാം പിറന്നാൾ…കേരളത്തിന്റെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുഖ്യമന്ത്രി

കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ കേരള നിയമസഭയിൽ എത്തിയ പിണറായി വിജയൻ കേരളത്തിന്റെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുഖ്യമന്ത്രി എന്നത് ചരിത്രം. 76 തികയുമ്പോള്‍ അദ്ദേഹം ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഭരണകര്‍ത്താവായി മാറി.മുണ്ടയിൽ കോരന്‍റെയും കല്യാണിയുടെയും 14 മക്കളിൽ ഏറ്റവും ഇളയ കെ വിജയൻ  ചരിത്രത്തിൽ ഇടം നേടിയത് അത്ര എളുപ്പത്തിലല്ല .

ദാരിദ്ര്യമറിഞ്ഞു വളർന്ന ബാല്യകാലം. രണ്ടാമത്തെ സഹോദരനായിരുന്ന കുമാരനിലൂടെയാണ് വിജയൻ കമ്മ്യൂണിസ്റ്റായത്.പിണറായി ശാരദ വിലാസം എൽ പി സ്കൂളിലും പെരളശേരി ഗവ.ഹൈസ്കൂളിലുമായി വിദ്യാഭ്യാസം.സ്കൂൾ ഫൈനലിനു ശേഷം ഒരു വർഷം നെയ്ത്ത് തൊഴിലാളി. തലശ്ശേരി ബ്രണ്ണൻ കോളജില്‍ നിന്ന് ബി എ സാമ്പത്തിക ശാസ്ത്രം പഠിച്ചിറങ്ങി. കേരളത്തിലെ ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ നേതൃനിരയിലെത്തിയ വിജയൻ സി.പി.ഐ.(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായും, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്

അമ്മ കല്യാണി

1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്നും 1996ൽ പയ്യന്നൂരിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പിണറായി 1996 മുതൽ 1998 വരെ ഇ.കെ നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകൾ കൈകാര്യം ചെയ്ത് ശ്രദ്ധേയനായി . ഈ കാലഘട്ടത്തിൽ കേരളത്തിലെ വൈദ്യുതി ഉൽപാദനം, വിതരണം എന്നിവ വളരെ കാര്യക്ഷമമാക്കുന്നതിലും, കേരള സംസ്ഥാന വൈദ്യുതി ബോർഡ്ന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിച്ച ആൾ കൂടിയായി കേരളം പിണറായിയെ തിരിച്ചറിഞ്ഞു.ഹൃസ്വ കാലത്തിനുള്ളിൽ നടപ്പാക്കിയ പദ്ധതികൾ മുതൽ പിന്നീടുണ്ടായ ലാവ്‌ലിൻ കേസ് വരെ മലയാളിക്ക് ഹൃദിസ്ഥമാണ്. 

കേരളത്തിൽ ഏറ്റവും അധികം കാലം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടുള്ളതും പിണറായി വിജയനാണ്.പാർട്ടി സെക്രട്ടറി ആയിരുന്ന കാലത്ത് പിണറായിയോളം വേട്ടയാടപ്പെട്ട മറ്റൊരു നേതാവ് ഉണ്ടായിട്ടില്ല എന്നത് സത്യമാണ്.എന്നാൽ എല്ലാ വേട്ടയാടലുകളെയും നേരിട്ട അദ്ദേഹത്തിന്റെ രീതിയാണ് ഏവരെയും അമ്പരപ്പിച്ചത്.മടിയിൽ കനമില്ലാത്തവനു വഴിയിൽ ഭയമെന്തിനെന്ന മുഖ്യമന്ത്രിയുടെ ചോദ്യം സ്വർണക്കടത്തു വിവാദത്തിൽ മാത്രം നമ്മൾ കേൾക്കരുത്.  അപവാദങ്ങളുടെ ഇരുട്ടിൽ പിണറായിയെ നിർത്താൻ ശ്രമിച്ചു കൊണ്ടിരുന്നവരുടെ മധ്യത്തിലൂടെ തലയൊട്ടും കുനിക്കാതെ നടന്നു നീങ്ങുന്ന ചങ്കൂറ്റത്തിലാണ് ആ ചോദ്യം ആദ്യം കേൾക്കേണ്ടത്. സി.പി.എം.കേരളത്തിൽ വളർന്നതിൽ സംഘടനാ മികവുള്ള ഒരു പാർട്ടി സെക്രട്ടറിയുടെ ദീർഘ വീക്ഷണമുണ്ട്.അതെ ദീർഘ വീക്ഷണം തന്നെയാണ് മുഖ്യമന്ത്രി എന്ന പിണറായി വിജയനിലും നമ്മൾ കണ്ടത്.

പ്രളയം വന്ന് ദുരന്തം വിതച്ചപ്പോൾ, അദ്ദേഹം സൃഷ്ടിച്ചെടുത്ത പദ്ധതി മലയാളക്കരയ്ക്ക് ആശ്വാസമായി. ദുരിത ബാധിതർക്ക് മുന്നിൽ ആശ്വാസവാക്കുകളുമായി ധൈര്യമായി പിണറായി മാറി. “എങ്കിൽ പിന്നെ നമ്മളൊന്നിച്ചിറങ്ങുകയല്ലേ ?” എന്നത് മലയാളിയുടെ സമത്വ മുദ്രാവാക്യംആയി മാറി.ഇത്രയേറെ പ്രതിസന്ധികളെ നേരിട്ട സർക്കാരും മുഖ്യമന്ത്രിയും കേരള ചരിത്രത്തിൽ അപൂർവമാണ്.

കേരളത്തെ നടുക്കിയ പ്രകൃതിദുരന്തങ്ങളെ നിശ്ചയദാർഢ്യത്തോടെ നേരിട്ടപ്പോൾപിണറായി എന്നാൽ നേതൃപാടവം എന്ന് ഓരോരുത്തരും സ്വമേധയാ പറഞ്ഞു.പ്രതിസന്ധികാലത്ത് സുരക്ഷയുടെ കവചം തീർത്ത പിണറായി എന്ന ക്യാപ്റ്റൻ മതേതരത്വത്തിന്റെ തേരാളി ആയിമാറിയതും ജനം അറിഞ്ഞു .സ്വന്തം ചികിത്സ മാറ്റി വെച്ച്, ദുരന്ത മുഖത്തേക്കിറങ്ങിയ മുഖ്യമന്ത്രി എന്ന മനുഷ്യൻ,പ്രളയവും ദുരന്തങ്ങളും വന്ന് പോയപ്പോള്‍ എന്തു ചെയ്യുമെന്നറിയാതെ പകച്ചു നിന്ന സമയത്ത് നമ്മളെല്ലാം അന്നം കഴിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊപ്പം കാവുകളിലെ കുരങ്ങന്മാരും വഴിയരികിലെ പട്ടിയും പൂച്ചയും കിളികളും വരെ ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിച്ച ഒരു നേതാവ് ആരെന്നും എന്തെന്നും ജനങ്ങൾ തിരിച്ചറിഞ്ഞു.

 

കോവിഡിൻ്റെ രണ്ടാം വരവ്, സമ്പൂര്‍ണ ലോക്ഡൗണ്‍ , മൂന്നാംവരവിന്‍റെ ഭീഷണി, കടുത്ത സാമ്പത്തികപ്രതിസന്ധി ….. ഒട്ടേറെ പ്രതിസന്ധികളാണ് ഇപ്പോഴും നമ്മുടെ മുന്നിലുള്ളത്. ഈ കെട്ടകാലത്തെ നമ്മൾ ഒന്നിച്ചു നേരിട്ടും എന്ന പിണറായി വിജയൻറെ നവാക്കുകൾ തന്നെയാണ് പ്രത്യാശയും പ്രതീക്ഷയും. .കേരളനിയമസഭയില്‍ 140 ല്‍ 99 പേരുടെ ഉറച്ച പിന്തുണയുമായി ജന്മദിനത്തില്‍ സഭാസമ്മേളനം തുടങ്ങാനായെന്ന സന്തോഷത്തിൽ കവിഞ്ഞ് മറ്റൊന്നുണ്ടോ.ജന്മദിനാശംസകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News