കൊവിഡ്​ ബാധയില്ലാത്തവർക്ക് ബ്ലാക്ക്​ ഫംഗസ് ബാധിക്കുമോ ? വിദഗ്ധരുടെ പ്രതികരണം അറിയാം

ഇന്ത്യയിൽ കൊവിഡ്​ രോഗികൾക്കിടയിൽ ബ്ലാക്ക്​ ഫംഗസ്​ ബാധ കൂടി വരികയാണ്​. ഈ സാഹചര്യത്തിൽ കൊവിഡ്​ ഇല്ലാത്ത ആളുകൾക്ക്​ ബ്ലാക്ക്​ ഫംഗസ്​ ബാധ വരുമോ എന്ന സംശയവും ആശങ്കയും ഉയരുകയാണ്.ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിദഗ്ധർ.കൊവിഡ്​ ബാധിതരല്ലാത്തവർക്കും ബ്ലാക്ക്​ ഫംഗസ്​ ബാധിക്കുമെന്നാണ്​ വിദഗ്​ധർ പറയുന്നത്​. രക്തത്തിൽ ഉയർന്ന പഞ്ചസാരയുടെ അളവുള്ള വ്യക്തികൾ ജാഗ്രത പാലിക്കണമെന്നാണ്​ മുന്നറിയിപ്പ്​.

‘കൊവിഡിനും മുമ്പുണ്ടായിരുന്ന അണുബാധയാണിത്. ബ്ലാക്ക്​ ഫംഗസ്​ പ്രമേഹ രോഗികളെ ബാധിക്കുന്നു എന്നാണ്​ മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കുന്നത്. അനിയന്ത്രിതമായ പ്രമേഹമുള്ളരാണ്​ ജാഗ്രത പാലിക്കേണ്ടത്​. അനിയന്ത്രിതമായ പ്രമേഹവും മറ്റ് ചില പ്രധാന രോഗങ്ങളും കൂടിച്ചേർന്ന് ബ്ലാക്ക്​ ഫംഗസ്​ ബാധയിലേക്ക്​ നയിക്കാം’ -നിതി ആയോഗ്​ അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.

ബ്ലാക്ക്​ ഫംഗസ് ബാധിക്കുന്ന ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 700-800 വരെ എത്തുന്നുവെന്ന്​ ഡോ. പോൾ പറഞ്ഞു. ഇത് വൈദ്യശാസ്ത്രപരമായി ഡയബറ്റിക് കെറ്റോഅസിഡോസിസ് എന്നാണ്​ അറിയപ്പെടുന്നത്​. ബ്ലാക്ക്​ ഫംഗസ്​ കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്നത്​ സാധാരണമാണെന്ന്​ അദ്ദേഹം പറഞ്ഞു.

രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകൾ മാത്രം ബ്ലാക്ക്​ ഫംഗസിനെ പേടിച്ചാൽ മതിയെന്നും ആരോഗ്യമുള്ള വ്യക്തികൾ ഭയക്കേണ്ടതില്ലെന്നും ഡൽഹി എയിംസിലെ ഡോ. നിഖിൽ ടണ്ഡൻ പറഞ്ഞു.
‘മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കൊവിഡ് വകഭേദം ആദ്യ തരംഗത്തെ അപേക്ഷിച്ച്​ പ്രതിരോധശേഷിയെ കൂടുതലായി ആക്രമിച്ചിരിക്കാം. അതിനാലാണ് ബ്ലാക്ക്​ ഫംഗസ്​ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനുപുറമെ, ഈ തരംഗത്തിൽ സ്റ്റിറോയിഡുകളുടെ വ്യാപകമായ ഉപയോഗവും ഉണ്ടായിട്ടുണ്ട്. എന്നാൽ ശരിയായ അന്വേഷണം കൂടാതെ ഒന്നും കൃത്യമായി പറയാൻ കഴിയില്ല’-ഡോ. ടണ്ഡൻ പറഞ്ഞു.

ഞായറാഴ്​ച ഹരിയാനയിലെ ബ്ലാക്ക്​ ഫംഗസ്​ കേസുകളുടെ എണ്ണം 398 ആയി ഉയർന്നിരുന്നു. കേരളത്തിൽ നാല്​ ബ്ലാക്ക്​ ഫംഗസ്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു . ഉത്തരാഖണ്ഡ്​ രോഗത്തെ സാംക്രമികരോഗമായി പ്രഖ്യാപിച്ചിട്ടുണ്ട്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here