യാസ് ചുഴലിക്കാറ്റ് ; കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസമില്ല

മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യുനമര്‍ദം ഇന്നു രാവിലെ 5 .30 ഓടെ ചുഴലിക്കാറ്റായി മാറി 16 .4 °N അക്ഷാംശത്തിലും 89 .6 °E രേഖാംശത്തിലും എത്തിയിരിക്കുന്നു. ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തില്‍ മെയ് 24 മുതല്‍ മെയ് 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കേരളത്തില്‍ ന്യൂനമര്‍ദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ മഞ്ഞ അലെര്‍ട് പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയില്‍ വരാന്‍ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

വടക്ക് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ ശക്തിപ്രാപിച്ചു ശക്തമായ ചുഴലിക്കാറ്റായും (Severe Cyclonic Storm) തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ചു അതിശക്തമായ ചുഴലിക്കാറ്റായി ( very Severe Cyclonic Storm) മാറാന്‍ സാധ്യത. തുടര്‍ന്ന് വീണ്ടും വടക്കു -വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിച്ച് മെയ് 26 നു രാവിലെയോടെ പശ്ചിമ ബംഗാള്‍ വടക്കന്‍ ഒഡിഷ തീരത്തെത്തുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

തുടര്‍ന്ന് മേയ് 26 ഉച്ചയോടെ പശ്ചിമ ബംഗാള്‍ വടക്കന്‍ ഒഡിഷ തീരത്തു പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയില്‍ അതിശക്തമായ ചുഴലിക്കാറ്റായി (very Severe Cyclonic Storm) കരയില്‍ പ്രവേശിക്കാന്‍ സാധ്യത.

മെയ് 24 മുതല്‍ മെയ് 26 വരെ തെക്കു കിഴക്കന്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ആന്‍ഡമാന്‍ കടലിലും, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. നിലവില്‍ ഈ പ്രദേശങ്ങളില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മല്‍സ്യ തൊഴിലാളികള്‍ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here