സേവാ ഭാരതിക്ക് ഔദ്യോഗിക പരിവേഷം നൽകുന്നത് ന്യായീകരിക്കാൻ ആവില്ല: പ്രധാനമന്ത്രിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എം പി

സേവാ ഭാരതിക്ക് ഔദ്യോഗിക പരിവേഷം നൽകുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ ആവില്ലെന്ന് ജോൺ ബ്രിട്ടാസ് എം പി. രാജ്യം അഭിമുഖീകരിയ്ക്കുന്ന കടുത്ത കൊവിഡ് പ്രതിസന്ധിയെ നേരിടാൻ പരമപ്രധാനമായി വേണ്ടത് ഐക്യമാണെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യം വ്യക്തമാക്കി ജോൺ ബ്രിട്ടാസ് എം പി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു.

കത്തിന്റെ വിശദാംശങ്ങൾ…

“കേന്ദ്ര സർക്കാരിന്റെ പിന്നിലെയും മുന്നിലെയും ചാലകശക്തി ആർഎസ്എസ് ആണ്. എന്നാൽ സർക്കാർ കാര്യങ്ങളിൽ പരിവാർ സംഘടനകൾക്ക് ഔദ്യോഗിക പരിവേഷം നൽകുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല.

ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസ് വികസിപ്പിച്ച (CCRAS) ആയുഷ്-64 എന്ന ആയുർവേദ മരുന്ന് വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ആർഎസ്എസ് പോഷകസംഘടനയായ സേവാ ഭാരതിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. മലേറിയക്ക് വേണ്ടി വികസിപ്പിച്ച ആയുർവേദ കൂട്ടാണ് ഇതെങ്കിലും പ്രകടമായ ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് നൽകാമെന്നാണ് ആയുഷിന്റെ തീരുമാനം.

സേവാഭാരതി പ്രവർത്തകർ അങ്ങനെ വീടുതോറും കയറി ഈ മരുന്ന് വിതരണം ചെയ്യും. അതിനായി അവർക്ക് പ്രത്യേക പാസ് നൽകണമെന്നാണ് ബന്ധപ്പെട്ട പ്രാദേശിക ഏജൻസികളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

ആർഎസ്എസിന്റെ മൂന്നാമത്തെ സർസംഘചാലക് ആയ ദേവറസ് രൂപീകരിച്ച പോഷകസംഘടനയായ സേവാഭാരതി വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ ആർഎസ്എസിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യംവെച്ച് കൊണ്ടുള്ളതാണ്. ഈ സംഘടനയ്ക്ക് ഔദ്യോഗിക പരിവേഷം നൽകുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല.

രാജ്യം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കടുത്ത കൊവിഡ് പ്രതിസന്ധിയെ നേരിടാൻ നമുക്ക് പരമ പ്രധാനമായി വേണ്ടത് ഐക്യമാണ്. കൊവിഡ് പ്രതിരോധത്തിൽ ഗുരുതരമായ പിഴവ് കാട്ടിയ കേന്ദ്രസർക്കാർ തങ്ങളുടെ സമീപനങ്ങളിലും വിഭാഗീയതയാണ് സൃഷ്ടിക്കുന്നത്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News