നമസ്‌കാര വേളയില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് സൗദിയില്‍ നിയന്ത്രണം

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം ബാങ്ക് വിളിക്കുന്നതിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കി സൗദി. നമസ്‌കാര വേളയില്‍ പള്ളിക്ക് പുറത്തേക്കുള്ള ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ലെന്നും ഉപയോഗിക്കുന്ന പക്ഷം ശബ്ദം കുറക്കണമെന്നും ഇസ്ലാമികകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

പള്ളികളില്‍ നമസ്‌കാര വേളയില്‍ പുറത്തേക്കുള്ള ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് പരിസരത്തെ വീടുകളിലും മറ്റ് കെട്ടിടങ്ങളിലും കഴിയുന്ന പ്രായമായവര്‍ക്കും, കുട്ടികള്‍ക്കും, രോഗികള്‍ക്കും പ്രയാസമുണ്ടാക്കുകയും നമസ്‌കാര സമയത്തെ ഇമാമുമാരുടെ ശബ്ദം വീടുകളില്‍ വെച്ച് നമസ്‌കരിക്കുന്നവര്‍ക്ക് പ്രാര്‍ഥനയ്ക്ക് തടസമുണ്ടാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ തീരുമാനം.

ഇമാമിന്റെ ശബ്ദം പള്ളിക്കുള്ളില്‍ കേട്ടാല്‍ മതിയെന്നും, പരിസരത്തെ വീടുകളിലുള്ളവരെ കേള്‍പ്പിക്കുന്നത് മതപരമായ ആവശ്യമല്ലെന്നും മതകാര്യവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം വ്യക്തമാക്കുന്നു. ഉച്ചഭാഷണി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ശബ്ദം ഉപകരണത്തിന്റെ പരമാവധി ശേഷിയുടെ മൂന്നിലൊന്നില്‍ കവിയരുതെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മതകാര്യ ഓഫിസുകള്‍ വഴി പള്ളി ജീവനക്കാരെ വിവരമറിയിക്കാന്‍ മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ആലുശൈഖ് നിര്‍ദേശം നല്‍കി. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News