വിദേശത്ത് ജോലിയുള്ളവർക്ക് വാക്സിൻ നൽകാൻ സൗകര്യമൊരുക്കും:മുഖ്യമന്ത്രി

വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വാക്സിൻ ലഭ്യമാകുന്നില്ലെന്ന പ്രശ്നമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം ഡോസ് എടുക്കേണ്ടവരുണ്ട്. കൊവിഷീൽഡാണ് വിദേശത്ത് അംഗീകരിച്ച വാക്സിൻ. കൊവിഷീൽഡിന്റെ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നൽകാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്.

84 ദിവസത്തിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളയാള്‍ തിരിച്ച് പോകുന്നതെങ്കിൽ അയാൾക്ക് ജോലി നഷ്ടപ്പെട്ടെന്ന് വരാം. അത്തരം അനേകം കേസുകളുണ്ടെന്നാണ് റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ വിദേശത്ത് ജോലിയുള്ളവർക്ക് വാക്സിൻ നൽകാൻ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .

84 ദിവസം കഴിഞ്ഞേ പറ്റൂ എന്നത് എങ്ങനെ ഇളവ് ചെയ്യാമെന്നാണ് പരിശോധിക്കുക. ഇവിടെ ഉപയോഗിക്കുന്ന കൊവാക്സീൻ വിദേശത്ത് അംഗീകാരം ഇല്ല. അക്കാര്യത്തിൽ കേന്ദ്രസർക്കാർ തന്നെ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നുണ്ട്. പെട്ടെന്ന് അംഗീകാരമാകുമെന്നാണ് പ്രതീക്ഷ. കൊവാക്സിന്റെ അംഗീകാരം പെട്ടെന്ന് കിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.

അച്ഛനും അമ്മയും മരണപ്പെട്ടു. കുട്ടികൾ അത്തരമൊരു അവസ്ഥയിൽ വല്ലാത്ത അനിശ്ചിതത്വത്തിലാകും. അത്തരം കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാവശ്യമായ നടപടിയെടുക്കും. എന്തൊക്കെ നടപടിയാണ് സ്വീകരിക്കുകയെന്ന് പരിശോധനയിലൂടെ തീരുമാനിക്കാമെന്നാണ് ധാരണ.

രോഗവ്യാപനം നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം സമൂഹത്തിൽ പരമാവധി പേർക്ക് വാക്സിൻ നൽകലാണ്. അങ്ങനെയാണ് സാമൂഹ്യ പ്രതിരോധ ശേഷി ആർജ്ജിക്കാനാവുക. എന്നാൽ വാക്സിനുകളുടെ കുറവ് ആസൂത്രണം ചെയ്ത വേഗതയിൽ വാക്സിനേഷൻ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാക്കി.

45 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷന് വേണ്ട വാക്സിൻ നൽകേണ്ടത് കേന്ദ്രസർക്കാരാണ്. സംസ്ഥാനത്തിന്റെ പക്കലുള്ള സ്റ്റോക്ക് തീർന്നിട്ട് ദിവസങ്ങളായി. കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ ഇത് പെടുത്തി. ഇതിനെ തുടർന്നാണ് ആഗോള ടെണ്ടർ, വാക്സിൻ വാങ്ങാൻ സംസ്ഥാന സർക്കാർ വിളിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓരോ സംസ്ഥാനവും ടെണ്ടർ വിളിച്ചാൽ വില കുത്തനെ ഉയരാൻ സാധ്യതയുണ്ട്. ഓരോ സംസ്ഥാനത്തും എത്ര വാക്സിനാണ് വേണ്ടതെന്ന് കണക്കാക്കി രാജ്യത്തിനാകെ വേണ്ട വാക്സിൻ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടർ കേന്ദ്രസർക്കാർ തന്നെ വിളിച്ചാൽ വാക്സിനുകളുടെ വില ഉയരാതെ നിലനിർത്താം. ഇതാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.

സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകുന്ന സർക്കാരിന്റെ കാരുണ്യ ആരോഗ്യ പദ്ധതിയിൽ ഇപ്പോൾ 252 ആശുപത്രികളുണ്ട്. 122.65 കോടി രൂപയാണ് പദ്ധതി വഴി ജനങ്ങളുടെ ചികിത്സയ്ക്ക് ചെലവാക്കിയത്. കൂടുതൽ ആശുപത്രികൾ പദ്ധതിയുടെ ഭാഗമാകണം. ജനത്തിന് സൗജന്യ ചികിത്സ ലഭ്യമാക്കാൻ സൗകര്യമൊരുക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ ഡിഎംഒമാരുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര സെല്ലാണ് കൈകാര്യം ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News