ലക്ഷദ്വീപ്: മാര്‍ട്ടിന്‍ നിമോളറുടെ പ്രശസ്ത വാക്യങ്ങളുദ്ധരിച്ച് നടന്‍ സലിം കുമാര്‍

ലക്ഷദ്വീപിലെ ജനങ്ങളുടെ മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെ പ്രതിഷേധമറിയിച്ച് സലിം കുമാര്‍. ഫേസ്ബുക് കുറിപ്പിലൂടെയാണ് ഈ വിഷയത്തില്‍ എല്ലാവരും പ്രതികരിക്കേണ്ട ആവശ്യകത കൂടി ഓര്‍മ്മിപ്പിച്ച് സലിം കുമാര്‍ പ്രതികരിച്ചത്. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗോടു കൂടിയാണ് കുറിപ്പ് പങ്കുവച്ചത്.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

‘അവര്‍ സോഷ്യലിസ്റ്റുകളെ തേടി വന്നു,
ഞാന്‍ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല.
പിന്നീടവര്‍ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാന്‍ ഭയപ്പെട്ടില്ല,
കാരണം ഞാനൊരു തൊഴിലാളി അല്ല.
പിന്നീടവര്‍ ജൂതന്‍മാരെ തേടി വന്നു.
അപ്പോഴും ഞാന്‍ ഭയപ്പെട്ടില്ല,
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവില്‍ അവര്‍ എന്നെ തേടി വന്നു.
അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.’

– ഇത് പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ ലോക പ്രശസ്തമായ വാക്കുകളാണ്. ഈ വാചകങ്ങള്‍ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം ജനതയുടെ അസ്തിത്വവും സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, അതിനേറെ പ്രസക്തി ഉള്ളതുകൊണ്ടാണ്.
ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാല്‍ ആവിശ്യങ്ങള്‍ക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്‌കളങ്കരായ ആ ദ്വീപ് നിവാസികളെ ചേര്‍ത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ചേര്‍ത്ത് നിര്‍ത്താം, അവര്‍ക്ക് വേണ്ടി പ്രതികരിക്കാം. അത് നമ്മളുടെ കടമയാണ്, കാരണം ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോര്‍ക്കുക.
If they come for me in the morning, they will come for you in the night. Be careful.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here