മുംബൈയില്‍ മാതൃകയായി മലയാളി അദ്ധ്യാപിക

മഹാമാരിയില്‍ വലഞ്ഞ ഇരുനൂറോളം കുട്ടികള്‍ക്ക് ഫീസ് കണ്ടെത്തിയാണ് മുംബൈയിലെ ഒരു സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ഷേര്‍ളി ഉദയകുമാര്‍ നഗരത്തില്‍ നന്മയുടെ സന്ദേശം പകര്‍ന്നാടിയത്. മൂന്നര പതിറ്റാണ്ടായി അദ്ധ്യാപന മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന ഷേര്‍ളി കഴിഞ്ഞ 4 വര്‍ഷമായി പവായ് ഇംഗ്ലീഷ് സ്‌കൂളിലെ പ്രിന്‍സിപ്പലാണ്. മലയാളി മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളില്‍ സാമ്പത്തിക ശേഷിയുള്ളവരും ഇല്ലാത്തവരുമായ ആയിരത്തോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.

കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ ഏറെ ദുരിതത്തിലായവരില്‍ വലിയൊരു വിഭാഗമാണ് സാധാരണക്കാരായ വിദ്യാര്‍ഥികള്‍. വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് ചുവട് മാറിയതും പലര്‍ക്കും വിനയായി. സാങ്കേതിക സംവിധാനങ്ങള്‍ ഇല്ലാതെയും ഫീസിനുള്ള തുക കണ്ടെത്താനാകാതെയും നിരവധി കുട്ടികള്‍ക്ക് ഗതികേട് കൊണ്ട് പഠിപ്പ് നിര്‍ത്തേണ്ടി വന്നു.

ഉന്നത വിദ്യാഭ്യാസ നിലവാരമുള്ള സ്‌കൂളില്‍ നിരാലംബരായ നിരവധി നിരവധി കുട്ടികളാണ് പഠിക്കുന്നത് .പല വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളും ദിവസക്കൂലിക്കാരാണ്. ലോക്ക് ഡൌണ്‍ പ്രാബല്യത്തില്‍ വന്നതോടെ പലരുടെയും ജീവിത സാഹചര്യങ്ങള്‍ തകിടം മറിഞ്ഞു. സ്‌കൂള്‍ മാനേജ്മെന്റ് നിരവധി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസില്‍ ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും മൂന്ന് നേരത്തെ ഭക്ഷണത്തിനായുള്ള പരക്കം പാച്ചിലില്‍ കുട്ടികളുടെ വിദ്യാഭ്യാസം പലരുടെയും പരിഗണനയില്‍ നിന്നെല്ലാം മാറി നിന്നു .

സ്‌കൂള്‍ ആരംഭിക്കുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം കുറവായിരുന്നു. ഫീസ് അടക്കാത്തവരുടെ ലിസ്റ്റ് വന്നതോടെ വീണ്ടും കുട്ടികള്‍ കുറഞ്ഞു. കൂടുതലും പെണ്‍കുട്ടികളാണ് പഠിപ്പ് നിര്‍ത്തിയതായി കണ്ടെത്തിയത്. ഇതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് പലര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യമില്ലെന്നും പല കുട്ടികളുടെ മാതാപിതാക്കള്‍ക്കും ജോലി നഷ്ടപ്പെട്ടുവെന്നും മനസ്സിലാക്കിയതെന്ന് പ്രിന്‍സിപ്പല്‍ ഷേര്‍ളി ഉദയകുമാര്‍ പറയുന്നു.

ക്ലാസുകളില്‍ പങ്കെടുത്താല്‍ ഫീസിനെക്കുറിച്ച് ചോദിക്കുമെന്ന ചിന്തയിലാണ് പലരും പഠനം തന്നെ വേണ്ടെന്ന് വച്ചത്. തന്റെ സ്‌കൂളിലെ ഇരുനൂറിലധികം കുട്ടികളുടെ ഭാവി അനശ്ചിതത്തിലായത് ഷേര്‍ളിയെ വല്ലാതെ ആശങ്കയിലാക്കി.

അങ്ങിനെയാണ് പഠനം നിര്‍ത്തിയ കുട്ടികളുടെ രക്ഷിതാക്കളെ നേരിട്ട് കണ്ട് കാരണങ്ങള്‍ അന്വേഷിക്കുന്നത്. അവര്‍ക്ക് പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് മനസ്സിലായതോടെ പൈസ ഇല്ലാത്തത് കൊണ്ട് തന്റെ സ്‌കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് മനസ്സിലുറപ്പിക്കുകയായിരുന്നു. പിന്നെ ഉറക്കമില്ലാത്ത രാത്രികളില്‍ നിര്‍ധനരായ കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം നല്‍കുവാനുള്ള വഴികള്‍ തേടുകയായിരുന്നു മലയാളിയായ ഷേര്‍ളി ഉദയകുമാര്‍.

വിദ്യാര്‍ത്ഥികളുടെ അവസ്ഥ വിശദീകരിച്ചു സമൂഹ മാധ്യമങ്ങളിലും പ്രാദേശിക പത്രങ്ങളിലും അഭ്യര്‍ത്ഥന നടത്തി. കമ്മ്യൂണിറ്റി ജേര്‍ണലായ പ്ലാനറ്റ് പവായ് തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ വിഷയം ജനങ്ങളിലേക്കെത്തിക്കാന്‍ സ്‌കൂളിനെ സഹായിച്ചു. തുടര്‍ന്ന് നഗരത്തിലെ ബിസിനസ്സ് രംഗത്തുള്ളവരിലേക്കും കോര്‍പ്പറേറ്റുകളിലേക്കും എന്‍ജിഒകളിലേക്കും എത്തി ചേരുകയായിരുന്നു.

രഹെജ വിസ്ത എന്ന സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പും ഉദ്യമത്തിന് ചുക്കാന്‍ പിടിച്ചതോടെ സംഭാവനകള്‍ ഒഴുകിയെത്താന്‍ തുടങ്ങി. ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ജനകീയ മാതൃകയില്‍ വീടുകളില്‍ നിന്നും പഴയ പത്രങ്ങളും മാസികകളും ശേഖരിച്ച് വരെ വിറ്റു കിട്ടുന്ന പണം സ്വരൂപിച്ചു ആവശ്യക്കാരായ കുട്ടികളുടെ ഫീസിനായി നീക്കി വച്ചു .

അതൊരു വലിയ തുടക്കമായി. അഞ്ച് മാസ കാലയളവില്‍ 40 ലക്ഷം രൂപയോളമാണ് സ്‌കൂള്‍ സമാഹരിച്ചത്. 200 വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക ഫീസ് അടക്കാന്‍ ഈ തുക സഹായകമായെന്ന് ഷേര്‍ളി ഉദയകുമാര്‍ പ്രത്യാശ പങ്കു വച്ചു

കുട്ടികളുടെ ഒരു വര്‍ഷം സംരക്ഷിക്കാനായതിലുള്ള സന്തോഷത്തിലാണ് രക്ഷകര്‍ത്താക്കളും.ഇത്തരമൊരു സംരംഭത്തിന് മുന്‍കൈ എടുത്ത സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് വളരെ നന്ദിയുണ്ടെന്ന് രക്ഷിതാക്കളുടെ അസോസിയേഷനും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here