രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 34000ത്തോളം കേസുകളും, കര്‍ണാടകയില്‍ 25000ത്തോളം കേസുകളും, കൊവിഡ് മൂന്നാം തരംഗത്തില്‍ രോഗ ബാധ കുട്ടികളെ ഗുരുതരമായി ബാധിക്കില്ലെന്ന് കേന്ദ്രം. 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ അല്ലാതെ വാക്സിനേഷന്‍ സെന്ററില്‍ വച്ച് നേരിട്ട് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍.

24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 34,867 പുതിയ കേസുകളും,404 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ പുതുതായി 25,311 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 529 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മഹാരാഷ്ട്രയില്‍ 22,122 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 361 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ബംഗാളില്‍ 17883 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ 1550 പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ദില്ലിയിലെ പ്രതിദിന കോവിഡ് പോസ്റ്റിവിറ്റി നിരക്ക് 2.52%മായി കുറഞ്ഞു.

മൂന്നാം തരംഗത്തില്‍ കുട്ടികളെ കൊവിഡ് ഗുരുതരമായി ബാധിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കുട്ടികള്‍ക്ക് കൊവിഡ് ബാധിച്ചാലും ഗുരുതരമാക്കാനുള്ള സാധ്യത കുറവാണെന്നും കേന്ദ്രം വിശദീകരിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡിലേയും ഹിമാചല്‍ പ്രദേശിലെയും ബീഹാറിലെയും ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജൂണ്‍ 1 വരെയാണ് ലോക്ക്ഡൗണ്‍. വിദേശ രാജ്യങ്ങളില്‍ കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്നതിനായി മരുന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക് 90 ശതമാനം രേഖകളും സമര്‍പ്പിച്ചു.

ബാക്കിയുള്ള രേഖകള്‍ ജൂണിനകം സമര്‍പ്പിക്കുമെന്നും. വൈകാതെ തന്നെ കോവാക്‌സിന്‍ അടിയന്തരമായി ഉപയോഗിക്കാനുള്ള അനുമതി ലോകാരോഗ്യ സംഘടന നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഭാരത് ബിയോടെക് മേധാവി പറഞ്ഞു. കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ യു.എസില്‍ പുരോഗമിക്കുകയാണ്.

അതെ സമയം റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വിയുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ഡല്‍ഹിയിലെ പനേസിയ ബയോടെക്കാണ് നിര്‍മാതാക്കള്‍. റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സഹകരണത്തോടെയാണ് നിര്‍മ്മാണം. വര്‍ഷത്തില്‍ 10 കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് വാക്‌സിനായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും ലഭ്യമല്ലാത്തവര്‍ക്ക് കൂടി വേണ്ടിയാണ് പുതിയ മാറ്റം.സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായിരിക്കും ഇളവ് അനുവദിക്കുക. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിലവിലുള്ള രീതി തുടരും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എടുത്തവര്‍ നിശ്ചയിച്ച ദിവസം എത്താത്തതുമൂലം വാക്‌സിന്‍ പാഴാവുന്നത് ഒഴിവാക്കുന്നതിനാണ് പുതിയ ക്രമീകരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News