യൂറോപ്പ ലീഗ് ഫുട്ബോളിൽ കിരീടപ്പോരാട്ടം നാളെ

യൂറോപ്പ ലീഗ് ഫുട്ബോളിൽ കിരീടപ്പോരാട്ടം നാളെ. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്പാനിഷ് ക്ലബ്ബായ വിയ്യാറയലാണ് എതിരാളി. ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 12:30 ന് പോളണ്ടിലെ ഡാൻസ്ക് സ്‌റ്റേഡിയത്തിലാണ് ഫൈനൽ.

ചാംപ്യൻസ് ലീഗ് കഴിഞ്ഞാൽ യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ ക്ലബ് ചാംപ്യൻഷിപ്പാണ് യൂറോപ്പ ലീഗ് . കഴിഞ്ഞ തവണ സ്പാനിഷ് ക്ലബ്ബ് സെവിയ്യയായിരുന്നു ടൂർണമെൻറിലെ ജേതാക്കൾ: അരഡസൻ തവണ കിരീട ജേതാക്കളായ സെവിയ്യ തന്നെയാണ് ഏറ്റവും കൂടുതൽ തവണ യൂറോപ്പ ലീഗ് കിരീടത്തിൽ മുത്തമിട്ട ടീം. ഇറ്റാലിയൻ ക്ലബ്ബ് എ എസ് റോമയെ മറികടന്നായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫൈനൽ പ്രവേശം.എതിർ ടീമുകളുടെ വലയിൽ ഗോൾമഴ പെയ്യിച്ച് മുന്നേറുന്ന ഒലെ ഗുണ്ണർ സോള്‍ഷെയറുടെ ശിഷ്യന്‍മാര്‍ കിരീടനേട്ടത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.

മധ്യനിരയില്‍ ബ്രൂണോ ഫെര്‍ണാണ്ടസും മുന്നേറ്റത്തില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ഗ്രീന്‍വുഡും എഡിൻസണ്‍ കവാനിയും അണിനിരക്കുമ്പോൾ യുണൈറ്റഡിന് പ്രതീക്ഷകൾ വാനോളമാണ്. വിസ്മയ രക്ഷപ്പെടുത്തലുകളുമായി ഗോൾകീപ്പർ ഡിഗിയയും ഫോമിലാണ്. കണങ്കാലിന് പരുക്കേറ്റ നായകൻ ഹാരി മഗ്വയർ കളിക്കാത്തത് ടീമിന് തിരിച്ചടിയാകും.പരിശീലകൻ സോൾഷെയറിനു കീഴിൽ ഉള്ള യുണൈറ്റഡിന്റെ ആദ്യ ഫൈനൽ കൂടിയാണിത്.

2017ൽ ഡച്ച് ക്ലബ്ബ് അജാക്സിനെ തോൽപിച്ച് യൂറോപ്പ ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. അതേ സമയം ചരിത്രത്തിലാദ്യമായാണ് വിയ്യാറയൽ ഒരു മേജർ യൂറോപ്യൻ ടൂർണമെൻറിന്റെ ഫൈനലിലെത്തുന്നത്. ആഴ്സണലിനെ വീഴ്ത്തിയായിരുന്നു ക്ലബ്ബിന്റെ ഫൈനൽ പ്രവേശം. സെവിയ്യയെ 3 തവണ യൂറോപ്പ ലീഗ് ചാമ്പ്യന്മാരാക്കിയ ഉനായ് എമ്റിയാണ് വിയ്യാറയലിന്റെ പരിശീലകൻ.

ടൂർണമെൻറിൽ ഉടനീളം ക്ലബ്ബ് പുറത്തെടുത്തത് സ്ഥിരതയുള്ള പ്രകടനമായിരുന്നു. വിയ്യാറയലിനെ ചാമ്പ്യന്മാരാക്കുകയെന്നത് പരിശീലകൻ എംറിക്കും അഭിമാന പ്രശ്നമാണ്.പാക്കോ അൽക്കാസർ, സാമുവൽ ചുക്കു വേസേ, ജെറാർഡ് മൊറേനോ എന്നിവർ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്: നായകൻ മരിയോ ഗാസ്പറും പാവുടോറസും മുൻ റയൽ മാഡ്രിഡ് താരം റൗൾ ആൽബിയോളും ചുക്കാൻ പിടിക്കുന്ന പ്രതിരോധവും കിടയറ്റതാണ്. അർജൻറീനക്കാരൻ ജെറോനിമോ റുള്ളിയാണ് വിയ്യാറയലിന്റെ ഗോൾവല കാക്കുന്നത്.ഇതിന് മുമ്പ് ഇരു ടീമുകളും 4 തവണ മുഖാമുഖം വന്നപ്പോൾ ഗോൾരഹിത സമനിലയായിരുന്നു ഫലം: ഏതായാലും കാൽപന്ത് കളി പ്രേമികളുടെ സിരകളെ ത്രസിപ്പിക്കുന്ന ഫൈനൽ പോരാട്ടത്തിനാണ് ഡാൻസ്ക് സ്റ്റേഡിയം വേദിയാവുക .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News