എർലിങ് ഹാലൻഡ് എന്ന 20 കാരൻ സ്ട്രൈക്കറാണ് ഇപ്പോൾ കാൽപന്ത് കളി ലോകത്ത് വമ്പൻ ക്ലബ്ബുകളുടെ നോട്ടപ്പുള്ളി

എർലിങ് ഹാലൻഡ് എന്ന 20 കാരൻ സ്ട്രൈക്കറാണ് ഇപ്പോൾ കാൽപന്ത് കളി ലോകത്ത് വമ്പൻ ക്ലബ്ബുകളുടെ നോട്ടപ്പുള്ളി. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഈ മിന്നും താരത്തെ റാഞ്ചാൻ സ്വപ്ന ഓഫറുകൾ വച്ച് കാത്തിരിക്കുകയാണ് വമ്പൻ ക്ലബ്ബുകൾ.

വളരെ ചുരുങ്ങിയ കാലം കൊണ്ട് യൂറോപ്യൻ ഫുട്‍ബോളിൽ പേരെടുത്ത താരമാണ് നോർവീജിയൻ സ്ട്രൈക്കർ ഏർലിങ് ഹാലൻഡ്. മാഞ്ചസ്റ്റർ യുണൈറ്റഡടക്കമുള്ള വമ്പന്മാരെ മറികടന്ന് 2019 ഡിസംബറിലാണ് ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ട് ഹാലൻഡിനെ സൈൻ ചെയ്തത്.ഓസ്ട്രിയൻ ക്ലബ്ബായ റെഡ്ബുൾ സാൽസ്ബർഗിൽ നിന്നും ഹാലൻഡിനെ സ്വന്തമാക്കാനായി ഡോർട്ട്മുണ്ട് അന്ന് ചെലവിട്ടത് 21 ദശലക്ഷം രൂപയാണ്.

ഇക്കഴിഞ്ഞ ജർമൻ ബുണ്ടസ് ലീഗ സീസണിൽ അപാര ഗോളടി മികവുമായി ഹാലൻഡ് ഡോർട്ട്മുണ്ടിന്റെ ഹീറോയായി. 27 ഗോളുകളാണ് ഹാലൻഡിന്റെ ബൂട്ടിൽ നിന്നും പിറന്നത്.ഗോളടി മികവിലൂടെ ഡോർട്ട്മുണ്ടിനെ ലീഗിൽ മൂന്നാമതെത്തിച്ച ഹാലൻഡ് ചാമ്പ്യൻസ് ലീഗ് യോഗ്യതയും നേടിക്കൊടുത്തു.2024 വരെ ഡോർട്ട്മുണ്ടിൽ കരാർ ബാക്കി ഉണ്ടെങ്കിലും ഹാലൻഡിന് പിറകെയാണ് വമ്പൻ ക്ലബ്ബുകൾ എല്ലാം. സ്വപ്ന ഓഫറുകളുമായി ക്ലബ്ബുകൾ വട്ടമിട്ട് പറക്കുമ്പോൾ ഹാലൻഡിനെ നിലനിർത്തുക ഡോർട്ട്മുണ്ടിന് ദുഷ്ക്കരമാകും.ആറ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകൾ ഈ താരത്തിന്റെ പേരിലുണ്ട്.

ഏർലിങ് ഹാലൻഡ് ആദ്യമായി ലോകമാധ്യമങ്ങളിൽ നിറയുന്നത് 2019 അണ്ടർ- 20 ലോകകപ്പിലാണ്. അന്ന് 12 ഗോളുകൾ ഹോണ്ടുറാസ് വലയിൽ നോർവെ നിക്ഷേപിച്ചപ്പോൾ അതിൽ ഒൻപത് ഗോളുകളും ഹാലൻഡിന്റെ വകയായിരുന്നു.ഫിഫ അണ്ടർ- 20 ലോകകപ്പ് ചരിത്രത്തിൽ ഒരു കളിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോഡിനും ഹാലൻഡ് ഉടമയായി.

ഫിഫയുടെ 2019 അണ്ടർ- 20 ലോകകപ്പിൽ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയായ താരം നോർവേ സീനിയർ ടീമിനുവേണ്ടിയും ഇതിനകം അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.

മുൻ ലീഡ്‌സ് യുണൈറ്റഡ് – മാഞ്ചസ്റ്റർ സിറ്റി താരമായ ആൽഫ് ഇങ് ഹാലൻഡിന്റെ മകനാണ് ഏർലിങ് ഹാലൻഡ്.എക്കാലത്തും ലീഡ്‌സ് യുണൈറ്റഡിന്റെ കട്ട ഫാനായ ഏർലിങിന് വലിയൊരു സ്വപ്നമുണ്ട്. ലീഡ്‌സിനെ പ്രീമിയർ ലീഗ് ജേതാക്കളാക്കുകയെന്നതാണ് ആ സ്വപ്നം. യൂറോ കപ്പിന് നോർവെ യോഗ്യത നേടിയിട്ടില്ലാത്തതിനാൽ ഹാലൻഡിന്റെ കളി ആരാധകർക്ക് നഷ്ടമാകും.

റൊണാൾഡോ – മെസി യുഗത്തിന് ശേഷം ലോകഫുട്ബോൾ അടക്കി ഭരിക്കുമെന്ന് പൊതുവെ കരുതപ്പെടുന്ന താരങ്ങളിലൊരാൾ കൂടിയാണ് ഈ നോർവീജിയൻ സ്ട്രൈക്കർ. ഏർലിങ് ഹാലൻഡെന്ന പേര് നാടെങ്ങുമുള്ള കാൽപന്ത് കളി പ്രേമികൾക്ക് ഇപ്പോൾ സുപരിചിതമാണ്. ഹാലൻഡിന്റെ കൂടുമാറ്റ വാർത്തകൾ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ഫുട്ബോൾ ലോകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News