കളിമൺ കോർട്ടിലെ ടെന്നിസ് പോരാട്ടങ്ങൾക്ക് റൊളാങ് ഗാരോസിൽ ഞായറാഴ്ച തുടക്കം

കളിമൺ കോർട്ടിലെ ടെന്നിസ് പോരാട്ടങ്ങൾക്ക് റൊളാങ് ഗാരോസിൽ ഞായറാഴ്ച തുടക്കം. മുൻനിര താരങ്ങളുടെ സാന്നിധ്യം ഇത്തവണത്തെ ടൂർണമെന്റിന് മാറ്റുകൂട്ടും.

മെയ് 23 ന് ആരംഭിക്കേണ്ട ഫ്രഞ്ച് ഓപ്പൺ കൊവിഡ് വ്യാപനത്തെ തുടർന്നാണ് ഒരാഴ്ചത്തേക്ക് മാറ്റിവച്ചത്.കലണ്ടർ വർഷത്തിലെ രണ്ടാം ഗ്രാൻസ്‌ലാമിന് ഞായറാഴ്ച റൊളാങ് ഗോരാസിൽ തുടക്കമാകുമ്പോൾ ടെന്നീസ് പ്രേമികളെ ഏറെ ആകർഷിക്കുക മുൻനിര താരങ്ങളുടെ സാന്നിധ്യമാകും.

പുരുഷ സിംഗിൾസിൽ സ്പെയിനിന്റെ റാഫേൽ നദാലും വനിതാ സിംഗിൾസിൽ പോളണ്ടിന്റെ ഇഗ സ്യാതെക്കുമാണ് കിരീട ജേതാക്കൾ. കരിയറിലെ പതിമൂന്നാം ഫ്രഞ്ച് ഓപ്പണാണ് റാഫ സ്വന്തമാക്കിയത്. ഗ്രാൻസ്ലാം കിരീട നേട്ടങ്ങളുടെ എണ്ണക്കൂടുതലിൽ സ്വിസ് ഇതിഹാസം റോജർ ഫെഡറർക്കൊപ്പമാണ് റാഫേൽ നദാൽ.23 ഗ്രാൻസ്ലാം കിരീട ജേത്രിയായ സെറീന വില്യംസ്, നവോമി ഒസാക്ക, നൊവാക് ദ്യോക്കോവിച്ച്, റോജർ ഫെഡറർ തുടങ്ങി ലോക ടെന്നീസിലെ പെരുമയുള്ള താരങ്ങളെല്ലാം ഫ്രഞ്ച് ഓപ്പണിനെത്തും.

അതേ സമയം മുൻ കിരീട ജേത്രി റുമാനിയയുടെ സിമോണ ഹാലെപ്പ് പരുക്കേറ്റതിനെ തുടർന്ന് ടൂർണമെന്റിനില്ല. ദ്യോക്കോവിച്ചിനെ കീഴടക്കി ഇറ്റാലിയൻ ഓപ്പൺ കിരീടം നേടിയാണ് ഫ്രഞ്ച് ഓപ്പൺ കളിക്കാൻ റാഫയെത്തുന്നത്. കരോലിന പ്ലിസ്ക്കോവയ്ക്ക് ഒറ്റ സെറ്റും വിട്ടുനൽകാതെ വണ്ടർ പ്രകടനത്തിലൂടെ ഇറ്റാലിയൻ ഓപ്പണിൽ മുത്തമിട്ടാണ് ഇഗയുടെയും വരവ്.കളിമൺ കോർട്ടിന്റെ രാജകുമാരനായ റാഫ പതിനാലാം കിരീടമാണ് റൊളാങ് ഗാരോസിൽ ലക്ഷ്യമിടുന്നത്.

ഓസ്ട്രിയൻ താരം ഡൊമിനിക് തീം, ജർമനിയുടെ അലക്സാണ്ടർ സ്വെരേവ് തുടങ്ങിയ താരങ്ങളും അദ്ഭുതം സൃഷ്ടിക്കാൻ പോന്നവരാണ്. സെറീന വില്യംസും റോജർ ഫെഡററും സീസണിൽ അത്ര ഫോമിലല്ല. വനിതാ വിഭാഗത്തിൽ സബലെങ്ക,കെനിൻ, കരോലിന പ്ളിസ്ക്കോവ ,കാതറീന സിനിയാക്കോവ, മരിയ സക്കാറി,സോഫിയ കെനിൻ, പെട്ര ക്വിറ്റോവ,എലീന സ്വിറ്റോലിന തുടങ്ങി സെൻസേഷൻ താരങ്ങളുടെ ഒരു നിര തന്നെ ടൂർണമെൻറിനെത്തും. പുരുഷ സിംഗിൾസിൽ സിറ്റ്സിപാസ്, റൂബലേവ്, മെദ്വദേവ്, ബെറട്ടീനി,വാവ്റിങ്ക,ഇസ്നർ തുടങ്ങിയവരും ഗ്രാൻസ്ലാം കിരീട സ്വപ്നങ്ങളുമായി എത്തും. ഏതായാലും റൊളാങ്ഗാരോസിലെ ആവേശ പോരാട്ടങ്ങൾ മതിമറന്നാസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് ടെന്നീസ് പ്രേമികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here