പൊതു രാഷ്ട്രീയത്തില്‍ നിലപാടെടുക്കും അഭിപ്രായം പറയും, സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് മാത്രമെ ഇത്തരം ഇടപെടലുണ്ടാകൂ ; സ്പീക്കര്‍ എം ബി രാജേഷ്

പൊതു രാഷ്ട്രീയത്തില്‍ നിലപാടെടുക്കുമെന്നും അഭിപ്രായം പറയുമെന്നും നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് മാത്രമേ ഇത്തരം ഇടപടെലുണ്ടാകു എന്നും എംബി രാജേഷ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷയ്ക്കും ആവശ്യത്തിനും ഒത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിയമസഭാ അംഗങ്ങള്‍ക്ക് കഴിയണം. മുഖ്യമന്ത്രിയുടെ മികവാര്‍ന്ന നേതൃത്വവും പ്രതിപക്ഷ നേതാവിന്റെ ക്രിയാത്മക മാര്‍ഗ്ഗ നിര്‍ദ്ദേശവും ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധിയേയും അതിജീവിക്കാന്‍ കഴിയുമെന്നും സ്പീക്കര്‍ പറഞ്ഞു.

സഭക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന പ്രസ്താവന മാധ്യമങ്ങളില്‍ വന്നതിലെ ആശങ്ക പ്രതിപക്ഷ നേതാവ് പങ്കുവച്ചു. അത്തരം ഒരു ആശങ്ക സ്വാഭാവികമാണെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി അഭിപ്രായം പറയുമെന്നോ നിലപാടെടുക്കുമെന്നോ അല്ല ഉദ്ദേശിച്ചത്.പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണ വേണമെന്നും പ്രതിപക്ഷ അംഗങ്ങളുടെ അവകാശം പൂര്‍ണ്ണമായും സംരക്ഷിച്ചേ മുന്നോട്ട് പോകൂ.

പാര്‍ലമെന്റില്‍ പ്രതിപക്ഷത്ത് ഇരുന്ന് പ്രവര്‍ത്തിച്ച അനുഭവം ഉണ്ട്. അതുകൊണ്ട് തന്നെ ചട്ടപ്രകാരമുള്ള എല്ലാ അവകാശങ്ങളും കണക്കിലെടുക്കുമെന്നും എംബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. കേരള നിയമസഭയിലെ 23 ാം സ്പീക്കറായാണ് എംബി രാജേഷ് ചുമതല ഏറ്റത്.

അതേസമയം, പതിനഞ്ചാം കേരള നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം ബി രാജേഷിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഭാ അംഗങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും സര്‍ക്കാരിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനും സ്പീക്കര്‍ക്ക് കഴിയട്ടെയെന്നും അദ്ദേഹത്തിന് അത് സാധ്യമാകുന്ന തരത്തില്‍ എല്ലാ സഹകരണവും വാഗ്ദാനം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി അഭിനന്ദന പ്രസംഗത്തില്‍ പറഞ്ഞു.

അറിവും അനുഭവവും സമന്വയിച്ച സവിശേഷ വ്യക്തിത്വമാണ് എം ബി രാജേഷ്. സ്പീക്കര്‍മാരുടെ നിരയില്‍ പ്രഗത്ഭരുടെ നിരയാണ് നാം കണ്ടത്. ആ വ്യക്തിത്വത്തിന് എല്ലാ അര്‍ത്ഥത്തിലും ചേരുന്ന ഒരാളെ തന്നെ ഇത്തവണയും തെരഞ്ഞെടുക്കാനായി. എംബി രാജേഷിനെ അഭിനന്ദിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.

സഭയുടെ ആഹ്ലാദകരമായ മനോഭാവം ആത്മാര്‍ത്ഥമായി പങ്കുവെക്കുന്നു. ജനാധിപത്യപരമായ നിയമസഭാംഗങ്ങളുടെ കടമ അര്‍ത്ഥപൂര്‍ണമായി സഭയില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സ്പീക്കര്‍ക്ക് കഴിയട്ടെ. സഭയുടെ പൊതുവായ ശബ്ദമാണ് സ്പീക്കറില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കേണ്ടത്. ആ നിലയ്ക്ക് ശബ്ദമാകാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ.

ഭരണ-പ്രതിപക്ഷ അംഗങ്ങളില്‍ നിന്ന് അദ്ദേഹത്തിന് സഹകരണം ഉണ്ടാകണമെന്ന് സഭയിലെ ഓരോ അംഗത്തെയും ഓര്‍മ്മിപ്പിക്കുന്നു. എങ്കിലേ സ്പീക്കര്‍ക്ക് സഭയുടെ പരമാധികാരം ഉയര്‍ത്തിപ്പിടിക്കാനാവൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News