ഭാര്യയുടെ ദുരൂഹ മരണം; രാജന്‍ പി. ദേവിന്റെ മകന്‍ ഉണ്ണി പൊലീസ് കസ്റ്റഡിയില്‍

അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്റെ മകനും യുവ നടനുമായ ഉണ്ണി രാജന്‍ പി. ദേവ് പൊലീസ് കസ്റ്റഡിയില്‍. ഉണ്ണിയുടെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രിയങ്കയുടെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ഉണ്ണിയെ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

കുറച്ച് ദിവസം മുമ്പാണ് തിരുവനന്തപുരം വെമ്പായം കരിക്കകം വിഷ്ണു ഭവനില്‍ ജെ പ്രിയങ്കയെ(25) വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അങ്കമാലി വില്ലേജ് ഓഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കായിക അധ്യാപികയായിരുന്നു. ജീവനൊടുക്കുന്നതിന് തലേദിവസം നടനും ഭര്‍ത്താവുമായ ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഗാര്‍ഹിക പീഡനത്തിനിരയായെന്നും ഉണ്ണി നിരന്തരം ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക പരാതി നല്‍കിയത്. അങ്കമാലിയില്‍ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും താമസിച്ചിരുന്നത്. തിങ്കളാഴ്ച പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടില്‍നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് പ്രിയങ്ക സഹോദരന്‍ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു.

ഇതിനുപിന്നാലെയാണ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍, കഴിഞ്ഞ ദിവസം പ്രിയങ്ക വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
ഇതിനിടെ, വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷം ഉണ്ണി പ്രിയങ്കയെ അസഭ്യം പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു.

പ്രിയങ്ക സ്വന്തം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറിവിളിക്കുന്നത്. ഇതെല്ലാം കേട്ട് പ്രിയങ്ക കരയുകയായിരുന്നു. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കള്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News