പ്രതിപക്ഷ നേതൃപദവി ഉറപ്പായപ്പോള്‍ മുതല്‍ സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുന്നു ; വി ഡി സതീശനെതിരെ എന്‍എസ്എസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എന്‍എസ്എസ് രംഗത്ത്. പ്രതിപക്ഷ നേതൃപദവി ഉറപ്പായപ്പോള്‍ മുതല്‍ സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുന്നുവെന്നും എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. സമുദായസംഘടനകള്‍ രാഷ്ട്രീയത്തിലെ കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതിയുണ്ടാകരുതെന്ന സതീശന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് എന്‍എസ്എസിന്റെ പ്രതികരണം.

ഇത് കോണ്‍ഗ്രസ് നിലപാട് ആണോ എന്ന് വ്യക്തമാക്കണം. രാഷ്ട്രീയപാര്‍ട്ടികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഉള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. കോണ്‍ഗ്രസ് ഇതുവരെ മത-സാമുദായിക സംഘടനകളുടെ ഒപ്പം നിര്‍ത്തിയിരുന്നു.സ്ഥാന ലബ്ധിക്കുശേഷം സതീശന്‍ മതിമറന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സതീശനും തങ്ങളുടെ പിന്തുണ തേടിയ ആളാണെന്നും അതിന് ശേഷം തള്ളിപ്പറയുന്നത് ശരിയല്ലെന്നും എന്‍.എസ്.എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിലവാരം കുറഞ്ഞ ഭാഷയാണ് സതീശന്‍റേ തെന്നും എന്‍.എസ്.എസ് വിമര്‍ശിച്ചു.

പ്രതിപക്ഷനേതാവ് എന്‍എസ്എസ് ആസ്ഥാനത്തെത്തി ഒരു മണിക്കൂര്‍ സംസാരിക്കുകയും സഹായം തേടുകയും ചെയ്തിരുന്നു.ആവശ്യം വരുമ്പോള്‍ സാമുദായിക സംഘടനകളെ സമീപിക്കുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കും ഗുണം അല്ല.
എന്‍എസ്എസിന് രാഷ്ട്രീയമായി മുന്നണികളോടും പാര്‍ട്ടികളോടും ഒരേ നിലപാടാണെന്നും സര്‍ക്കാര്‍ തെറ്റ് ചെയ്താലും ചൂണ്ടിക്കാണിക്കുമെന്നും എന്‍എസ്എസ് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here